ഇന്ത്യയിലുള്ള ഒട്ടുമിക്ക ഉദ്യോഗാര്‍ഥികളുടെയും സ്വപ്നമാണ് സിവില്‍ സര്‍വീസ്. അതിനായി ചെറുപ്പത്തില്‍ തന്നെ തയ്യാറെടുക്കുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍ ആകസ്മികമായി സിവില്‍ സര്‍വീസ് എത്തിപ്പെടുന്ന ചിലരുമുണ്ട്.
അത്തരത്തിലൊരാളാണ് ഉത്തരാഖണ്ഡില്‍ നിന്നുള്ള ടസ്കീന്‍ ഖാന് എന്ന സുന്ദരി. മുന്‍ മിസ് ഉത്തരാഖണ്ഡ് ആയിരുന്ന ടസ്കീന്റെ ആദ്യ സ്വപ്നം സിവില്‍ സര്‍വീസ് ഒന്നുമായിരുന്നില്ല.
ഒരു നാള്’മിസ് ഇന്ത്യ’ പട്ടം ചൂടുന്നത് അവള് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അവളുടെ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചതോടെ ലോകസുന്ദരിപട്ടം എന്ന മോഹത്തില്‍ നിന്ന് സിവില്‍ സര്‍വീസ് എന്ന നേട്ടത്തിലേക്കാണ് അവള് എത്തിച്ചേര്‍ന്നത്.
ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തു വന്നപ്പോള്‍ 736-ാം റാങ്കിന്റെ നേരെ ടസ്ക്കീന്റെ പേരുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുള്ള ഈ സുന്ദരി, 2016-17 കാലഘട്ടത്തില്‍ മിസ് ഡെറാഡൂണ്‍, മിസ് ഉത്തരാഖണ്ഡ് കിരീടങ്ങള്‍ നേടിയിരുന്നു.
സ്വാഭാവികമായി അടുത്ത ലക്ഷ്യം മിസ് ഇന്ത്യ പട്ടം. എന്നാല്‍ പിതാവിന്റെ റിട്ടയര്‍മെന്റ് അവള്‍ക്ക് നല്‍കിയത് പുതിയൊരു ദിശാബോധമാണ്.
അതോടെ സുന്ദരിപ്പട്ടം എന്ന മോഹം ഉപേക്ഷിച്ച് ടസ്കീന്‍ സിവില്‍ സര്‍വീസ് സ്വപ്നം കണ്ടു തുടങ്ങി. ആദ്യത്തെ മൂന്നു തവണയും പരാജയമായിരുന്നു ഫലം. എന്നാല്‍ അവസാനം വിജയം ടസ്ക്കീന്റെ ഒപ്പമായിരുന്നു.
ക്ഷമയുടെയും പരിശ്രമത്തിന്റെയും പരീക്ഷ എന്നാണ് ടസ്ക്കീന് സിവില്‍ സര്‍വീസിനെക്കുറിച്ച് പറയുന്നത്. സ്കൂള്‍ കാലഘട്ടത്തിന്റെ തുടക്കത്തില്‍ അത്ര മികവു പുലര്‍ത്തിയിരുന്ന ഒരു വിദ്യാര്‍ഥിയായിരുന്നില്ല ടസ്കീന്‍.
എട്ടാംക്ലാസ് വരെ അവള്‍ക്ക് കണക്ക് ഒരു കീറാമുട്ടിയായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ടസ്ക്കീന് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. പത്താംക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലധികം മാര്‍ക്ക് നേടാന്‍ ടസ്ക്കീനായി.
ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍, നാഷണല്‍ ലെവല്‍ ഡിബേറ്റര്‍, പ്രൊഫഷണല്‍ മോഡല്‍, നടി എന്നീ നിലകളിലും ടസ്ക്കീന് തിളങ്ങി.
പ്ലസ്ടുവിനു ശേഷം രാജ്യത്തെ പ്രമുഖമായ എന്‍ഐടിയില്‍ അഡ്മിഷന് കിട്ടിയെങ്കിലും ഫീസ് മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാഞ്ഞതിനാല്‍ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു.
ബിഎസ്സി ബിരുദധാരിയായ ടസ്കീന്‍ തന്റെ യുപിഎസ്സി വിജയരഹസ്യത്തെക്കുറിച്ച് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
അത് തികച്ചും വ്യത്യസ്ഥമായിരുന്നു. ഐഎഎസ് കാംക്ഷിയായ തന്റെ ഒരു ഇന്‍സ്റ്റഗ്രാം ഫോളോവറില്‍ നിന്നാണ് തനിക്ക് സിവില്‍ സര്‍വീസ് മോഹമുണ്ടായതെന്നാണ് ടസ്ക്കീന് പറയുന്നത്.
അതോടെ മുംബൈയിലേക്ക് വണ്ടി കയറുകയായിരുന്നു. തുടര്‍ന്ന് ജാമിയയുടെ സൗജന്യ എക്സാം കോച്ചിംഗിനുള്ള എന്‍ട്രന്‍സ് പാസായതോടെ ഡല്‍ഹിയിലേക്ക് മാറി.
പിതാവിന്റെ തുച്ഛമായ പെന്ഷന് മാത്രമായിരുന്ന ഇക്കാലയളവില്‍ കുടുംബത്തിന്റെ ആകെയുള്ള വരുമാനം. ഇങ്ങനെയുള്ള ദുരവസ്ഥകളോടു പടപൊരുതിയാണ് ടസ്കീന്‍ ഏവരുടെയും സ്വപ്നമായ സിവില്‍ സര്‍വീസ് നേടിയെടുത്തത്.