കളമശേരി: ഫേസ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ച് അശ്ലീല ഫോട്ടോ കൃത്രിമമായി ഉണ്ടാക്കി വിദേശത്തുള്ള യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. ഇസ്രയേലില്‍ താമിസിക്കുന്ന പാല സ്വദേശിനിയാണ് ഏലൂര്‍ പോലീസില്‍ ഈ മെയില്‍ വഴി പരാതി നല്‍കിയത്.
ഏലൂര്‍ സ്വദേശിയായ യുവാവാണ് ഏലൂരിലെ ഒരു ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ബാങ്ക് അക്കൗണ്ട് വിവരം ലഭിച്ചത് പ്രകാരമാണ് യുവതി ഏലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
അതേ സമയം യുവതി നല്‍കിയ ബാങ്ക് അക്കൗണ്ട് പ്രകാരം ഏലൂര്‍ സ്വദേശി പോലീസിന്റെ നിരീക്ഷണത്തിലാണ്. പരാതിക്കാരിയെ അറിയില്ലെന്നാണ് ഇയാള്‍ പറയുന്നത്. അതിനിടയില്‍ സമാന രീതിയില്‍ മറ്റൊരു യുവതിയുടെ പരാതി ചെങ്ങമനാട് സ്‌റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്നും ഈ കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ഏലൂര്‍ പോലീസ് എസ് ഐ എസ്.എല്‍. പ്രേം ലാല്‍ പറഞ്ഞു. ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ട് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഐപി നമ്പര്‍ സഹായത്തോടെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് എസ് ഐ അറിയിച്ചു.