നിര്‍ധനര്‍ക്കൊപ്പം ഓണം ആഘോഷിച്ചു വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

E-VAZHAKULAMവാഴക്കുളം: സമൃദ്ധിയുടേയും സമഭാവനയുടേതുമായ തിരുവോണ സന്ദേശം പകര്‍ന്നു നിര്‍ധനരുടെ വീടുകളില്‍ ഓണമാഘോഷിക്കാനുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കി വാഴക്കുളം മര്‍ച്ചന്റ്‌സ്  അസോസിയേഷന്‍ വേറിട്ടനിലയില്‍ ഓണാഘോഷം നടത്തി. ഭക്ഷ്യവസ്തുക്കളും വസ്ത്രവും പണവുമാണു വിതരണം ചെയ്തത്.   യൂണിറ്റ് അംഗങ്ങളില്‍ നിന്നും മറ്റു സുമനസുകളില്‍ നിന്നുമായി ശേഖരിച്ച വസ്തുവകകള്‍ അസോസിയേഷന്‍ ‘ഭാരവാഹികള്‍ ചേര്‍ന്ന് അര്‍ഹരായ പത്തോളം വീടുകളിലെത്തി വിതരണം ചെയ്യുകയായിരുന്നു.

പ്രസിഡന്റ് തോമസ് വര്‍ഗീസ് താണിക്കല്‍, സെക്രട്ടറി സിജു താണിക്കല്‍, വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ് പെരിയക്കോട്ടില്‍, ട്രഷറര്‍ ബേബി നമ്പ്യാപറമ്പില്‍, ജോയിന്റ് സെക്രട്ടറി ബിജു സ്കറിയ, വനിതാ വിഭാഗം പ്രസിഡന്റ് നൈസി ഡൊമിനിക്, സെക്രട്ടറി എം.പി. ഷൈലജ, യുവജന വിഭാഗം വൈസ് പ്രസിഡന്റ് റോബി വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ‘ഭവന സന്ദര്‍ശനം നടത്തിയത്.
വാഴക്കുളം, കാവന, നടുക്കര, ആവോലി, മടക്കത്താനം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് സഹായമെത്തിച്ചത്.

സഹായം ചോദിക്കാന്‍ വൈമനസ്യമുളളവരും എങ്ങനെ ചോദിക്കുമെന്ന് അറിയാത്തവരും ഇവരിലുണ്ടായിരുന്നെന്ന് പ്രസിഡന്റ് തോമസ് വര്‍ഗീസ് പറഞ്ഞു. ഇല്ലാത്തവര്‍ക്കും അവകാശപ്പെട്ടതാണ് ഓണമെന്ന ബോധ്യമുള്ളതിനാലാണ് ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ ഒഴിവാക്കി ദുര്‍ബലര്‍ക്കൊപ്പം ഓണമാചരിച്ചതെന്നും പ്രസിഡന്റ്പറഞ്ഞു. അനാഥരായ ഒരു സംഘം അമ്മമാര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണാചരണം അസോസിയേഷന്‍ നടത്തിയത്.  വ്യത്യസ്ത  സാഹചര്യങ്ങളില്‍പെട്ട് സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നും പൊതുവായ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് അസോസിയേഷന്റെ പരിപാടി.

Related posts