ശങ്കയുണ്ടായാല്‍ പെട്ടതുതന്നെ… കോട്ടയം നഗരത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കിടമില്ലാതെ ജനങ്ങള്‍ വലയുന്നു

ktm-toiletകോട്ടയം: നഗരത്തിലെത്തുന്നവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇടമില്ലാതെ നട്ടം തിരിയുന്നു. ദിവസവും നിരവധിയാളുകളാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും അല്ലാതെയും നഗരത്തില്‍ എത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് ഒരു മൂത്രശങ്ക ഉണ്ടായാല്‍ പെട്ടതു തന്നെ. വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ടോയിലറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവയെല്ലാം പൂട്ടി. നിലവില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇടമില്ലാത്ത നഗരമെന്ന പട്ടികയിലാണു കോട്ടയം നഗരം.

നഗരത്തിലെ രണ്ടു പ്രൈവറ്റ് ബസ്സ്റ്റാന്‍ഡുകളിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും റെയില്‍വേസ്റ്റേഷനിലുമാണ് നിലവില്‍ കംഫര്‍ട്ട് സ്റ്റേഷനുകളുള്ളത്. എന്നാല്‍ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ഉള്ളിലേക്കു പ്രവേശിക്കണമെങ്കില്‍ മൂക്കുപൊത്തേണ്ട സ്ഥിതിയാണുള്ളത്. കംഫര്‍ട്ട് സ്റ്റേഷന്റെ പലതിന്റെയും പൈപ്പുകളും തറയുമെല്ലാം തകര്‍ന്ന നിലയിലാണ്. മിക്കവയിലും വെള്ളവുമില്ലെന്നു പൊതുജനങ്ങള്‍ ആരോപിക്കുന്നു. വെള്ളമില്ലാതെ പല ദിവസങ്ങളിലും തിരുനക്കരയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിടാറുണ്ട്. റെയില്‍വേയുടെ കംഫര്‍ട്ട് സ്റ്റേഷനാണ് തമ്മില്‍ ഭേദമെന്നു ജനങ്ങള്‍ തന്നെ പറയുന്നു.

നഗരത്തില്‍ എത്തുന്നവര്‍ മൂത്രശങ്കയുണ്ടായാല്‍ ഹോട്ടലുകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും മറ്റു കടകളിലും അഭയം തേടുകയാണ് ഇപ്പോള്‍. നാളുകള്‍ക്കു മുമ്പ് കോട്ടയം നഗരസഭ ലക്ഷങ്ങള്‍ മുടക്കി നഗരത്തിന്റെ വിവിധ കോണുകളില്‍ ഇ-ടോയിലറ്റുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇ-ടോയിലറ്റുകളെല്ലാം തകര്‍ന്ന നിലയിലാണ്. മിക്കവയും കാടുകയറി നശിച്ചു.

നഗരത്തിലെത്തുന്ന സ്ത്രീ – പുരുഷന്മാരുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമൊരുക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നു വിവിധ കോണുകളില്‍നിന്നും ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. ഇ-ടോയിലറ്റ് പദ്ധതി പുനരാവിഷ്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts