തിരുവല്ല: റെയില്‍വേ അടിപ്പാതയുടെ വെള്ളക്കെട്ടില്‍ അകപ്പെട്ട കാര്‍ യാത്രികരായ കുടുംബാംഗങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ പിന്‍സീറ്റിലിരുന്ന യുവതിയുടെ സമയോചിത ഇടപെടലിലൂടെയാണ് ദുരന്തം ഒഴിവായത്.
എംസി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോട് റോഡില്‍ ഇരുവള്ളിപ്ര റെയില്‍വേ അടിപ്പാതയില്‍ ഇന്നലെ രാത്രി ഏഴോടെയാണ് കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടത്.
കാര്‍ യാത്രക്കാരായ തിരുവന്‍വണ്ടൂര്‍ മരങ്ങാട്ടുമഠം കൃഷ്ണന് നമ്പൂതിരി, മകന് ശ്രീകുമാര്‍, ഭാര്യ സൂര്യ ശ്രീകുമാര്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.
കാര്‍ പൂര്‍ണമായും മുങ്ങുന്നതിനിടയില്‍ പിന്നലെ സീറ്റില്‍ ഇരുന്ന സൂര്യ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങി. തുടര്‍ന്ന് ഇതേ വാതിലിലൂടെ തന്നെ മുമ്പില്‍ ഉണ്ടായിരുന്നവരും കാറില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
വെള്ളത്തില്‍ അകപ്പെട്ട ഇവര്‍ വിളിച്ചു കൂവിയതിനേ തുടര്‍ന്ന് നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
റെയില്‍പാത ഇരട്ടിപ്പിക്കലിനേതുടര്ന്ന് ക്രോസിംഗുകള്‍ ഒഴിവാക്കി അടിപ്പാത നിര്‍മിച്ചതിനു പിന്നാലെ മഴക്കാലത്ത് വെള്ളക്കെട്ട് സ്ഥിരം സംഭവമാണ്.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിലേക്ക് റെയില്‍വേയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലം കണ്ടില്ല. അടിപ്പാതയില്‍ വെള്ളം നിറയുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനും യാതൊരു സംവിധാനങ്ങളും ഇല്ല.