ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിലെ കാൺപുർ ഗ്രാമത്തിൽ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികളെ ഇരുമ്പുപെട്ടിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ദാരിദ്ര്യം മൂലം കുട്ടികള്‍ക്കു വിഷം നല്‍കുകയായിരുന്നുവെന്ന് അമ്മ പോലീസിനോടു വെളിപ്പെടുത്തി.
കാഞ്ചന് (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി മക്സുദാന്‍ പോലീസ് സ്റ്റേഷനില്‍ ഇവരെ കാണാതായെന്ന പരാതി രക്ഷിതാക്കള്‍ നല്‍കിയിരുന്നു.
ജോലി കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ മക്കളെ കണ്ടില്ല എന്നായിരുന്നു ഇവര്‍ പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ഇരുമ്പ്പെട്ടിയില്നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും ഇവർ പോലീസിനോടു പറഞ്ഞിരുന്നു. ആകെ അഞ്ച് കുട്ടികളാണ് ദമ്പതികള്‍ക്കുണ്ടായിരുന്നത്.