കണ്ണൂര്‍: കണ്ണൂര്‍ ട്രാഫിക് സ്റ്റേഷനുള്ളില്‍ കയറി രണ്ടുപേരെ പോത്ത് കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോത്തിന്റെ ഉടമയെ കോടതി തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. വളപട്ടണം പഴയ ബൂത്തിനു സമീപമുള്ള കുറുക്കന്‍ കിഴക്കേകരമേല്‍ കെ.കെ. അബ്ദുള്‍ മജീദിനെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.സി. ആന്റണി കോടതി പിരിയുംവരെ തടവിനും 6,500 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. 2011 നവംബര്‍ ഏഴിനായിരുന്നു സംഭവം.
വളപട്ടണത്ത് കശാപ്പിനുകൊണ്ടുവന്ന പോത്ത് വിറളിപിടിച്ച് ഓടി കണ്ണൂര്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തുകയും കാപ്പാട് സ്വദേശി കെ.കെ. പ്രദീപന്‍ (49), ചേലോറയിലെ അനില്‍കുമാര്‍ (42) എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ശിക്ഷിച്ചത്. പോത്തിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കണ്ണൂര്‍ ട്രാഫിക് പോലീസ് കേസെടുത്തത്.