നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗതനിയന്ത്രണം വിജയകരം; ഇടപ്പള്ളി മേല്‍പ്പാലത്തില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

EKM-BLOCKകൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണങ്ങള്‍ വിജയമെന്ന് പോലീസ്. പരിഷ്കരണങ്ങളെത്തുടര്‍ന്ന് പ്രധാന ജംഗ്ഷനുകളില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞതായി കൊച്ചി സിറ്റി പോലീസ്.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി കൊച്ചി സിറ്റി ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ അറിയിച്ചു.  നഗരത്തില്‍ കുണ്ടന്നൂര്‍, വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി ജംഗ്ഷനുകളിലാണ് ഓഗസ്റ്റ് മുതല്‍ ഗതാഗത പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

2016 ജനുവരി മുതല്‍ ജൂലൈ വരെയുള്ള ഏഴു മാസങ്ങളില്‍ നടന്ന 83 വാഹനാപകടങ്ങളില്‍ ആറു പേര്‍ മരിച്ചു. കുണ്ടന്നൂര്‍ ജംഗ്ഷനിലുണ്ടായ പത്തു വാഹനാപകടങ്ങളില്‍ 12 പേര്‍ക്കു പരിക്കേറ്റു.  വൈറ്റില ജംഗ്ഷനില്‍ 34 വാഹനാപകടങ്ങളില്‍ 36 പേര്‍ക്കു പരിക്കേല്‍ക്കുകയും മൂന്നു പേര്‍ മരണപ്പെടുകയും ചെയ്തു. പാലാരിവട്ടം ജംഗ്ഷനില്‍ 21 വാഹനാപകടങ്ങളില്‍ 12 പേര്‍ക്കു പരിക്കേറ്റു. ഇടപ്പള്ളി ജംഗ്ഷനില്‍ 18 വാഹനാപകടങ്ങളിലായി 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നു പേര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍, ഓഗസ്റ്റ് മാസം ഈ ജംഗ്ഷനുകളിലെല്ലാം ചേര്‍ത്ത് അഞ്ച് വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് പരിക്ക് പറ്റിയതെന്നും പോലീസ് അറിയിച്ചു.

പരിഷ്കരണങ്ങള്‍ മൂലം കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിന് പരിഹാരമായി കാല്‍നടയാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ രാവിലെയും വൈകുന്നേരവും ഓഫീസ് സമയങ്ങളില്‍ കൂടുതലായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണെ്ടന്ന് പോലീസ് അറിയിച്ചു. അനധികൃത പാര്‍ക്കിംഗിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായും അപകടസാധ്യതയുണ്ടാക്കി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഉടനടി റിക്കവറി വെഹിക്കിള്‍ ഉപയോഗിച്ച് മാറ്റുന്നുണ്ടൈന്നും പോലീസ് അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍ വന്നാല്‍ അക്കാര്യങ്ങള്‍ ഉടനടി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കുന്നതിന് ട്രാഫിക് എസിപി മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചു.

ഇടപ്പള്ളി മേല്‍പ്പാലത്തില്‍ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം
കൊച്ചി: ഇടപ്പള്ളി മേല്‍പ്പാലം തുറന്നുകൊടുത്തതുമായി ബന്ധപ്പെട്ട ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ സിഗ്നലുകള്‍ ഒഴിവാക്കും. ഇന്നലെ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണു തീരുമാനം. ഇതനുസരിച്ച് മേല്‍പ്പാലം ജംഗ്ഷന്‍ റോഡുകള്‍ പൂര്‍ണമായും തുറന്നിടും. പൂക്കാട്ടുപടിയില്‍ വരുന്ന വാഹനങ്ങള്‍ ആലുവഭാഗത്തേക്ക് സ്വതന്ത്രമായി തിരിഞ്ഞുപോകണം. അതേസമയം എറണാകുളം ഭാഗത്തു നിന്നു പൂക്കാട്ടുപടി ഭാഗത്തേക്കു പോകേണ്ടവാഹനങ്ങള്‍ 200 മീറ്റര്‍ മുന്നോട്ടുപോയി യു ടേണ്‍ എടുത്ത് പൂക്കാട്ടുപടി റോഡിലേക്ക് തിരിയണം.

ഇടപ്പള്ളി മേല്‍പ്പാലത്തിലെ സുഗമമായ ഗതാഗതത്തിനു വേണ്ടിയാണ് പുതിയ പരീക്ഷണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പരീക്ഷണം വിജയകരമാണെങ്കില്‍ സ്ഥിരമായി നടപ്പിലാക്കും. ഈ ഭാഗത്തെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെഎംആര്‍എല്‍ വിശദമായ പദ്ധതി തയാറാക്കിവരുകയാണ്.  അടുത്തനാലുമാസത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, സ്ഥിരംസമിതി അധ്യക്ഷന്‍ എ.കെ. ബഷീര്‍, ആര്‍ടിഒ പി.എച്ച്. സാദിക്ക് അലി, കൊച്ചി മെട്രോ പ്രതിനിധികളായ എസ്. ചന്ദ്രബാബു, മരിയോണ്‍ ഹോയസ്, എസ്. സുബ്രഹ്മണ്യം, രവിശങ്കര്‍ (ഡിഎംആര്‍സി), ദേശീയപാത അസി. എന്‍ജിനിയര്‍ കെ.ആര്‍. ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts