ജീവിതത്തിൽ ഒന്നിക്കാൻ കഴിയാതെപോയ കമിതാക്കളാണ് ശ്രവിദ്യയും കമൽഹാസനും. അപൂർവരാഗം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. വിവാഹത്തെ കുറിച്ച് ശ്രീവിദ്യയും കമൽഹാസനും ആലോചിച്ചിരുന്നെങ്കിലും ഇടയ്ക്കുണ്ടായ പ്രശ്നങ്ങൾ ഇവരെ രണ്ടുവഴിക്കാക്കി.
കമൽഹാസനുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് ശ്രീവിദ്യ തുറന്ന് പറഞ്ഞപ്പോൾ, ശ്രീവിദ്യയോടുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കമൽഹാസനും തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്ന ശ്രീവിദ്യയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ കമൽഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയബന്ധത്തിലെ ചിലസംഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീവിദ്യയുടെ സുഹൃത്തായ ശോഭന രമേശ്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം തുറന്ന് പറഞ്ഞത്.
അക്കാലത്ത് കമൽഹാസൻ വളരെ മെലിഞ്ഞിട്ടായിരുന്നു. ശ്രീവിദ്യ തടിച്ചിട്ടും. ചേർച്ചയില്ലെന്ന കോംപ്ലക്സ് ശ്രീവിദ്യയ്ക്ക് അന്നുണ്ടായിരുന്നു. ആരംഭത്തിലെ പ്രണയം ആർക്കും മറക്കാൻ കഴിയില്ല. അതുകൊണ്ടാണ് ശ്രീവിദ്യയെ കുറിച്ച് കമൽഹാസൻ വർഷങ്ങൾക്കിപ്പുറവും സംസാരിക്കുന്നതെന്നും ശോഭന രമേശ് പറഞ്ഞു.
കമലിന് അഭിനയത്തിലും കരിയറിലുമായിരുന്നു ശ്രദ്ധ. ശ്രീവിദ്യക്കൊപ്പം വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ കമലിന് സമയം ലഭിച്ചില്ല. ശ്രീവിദ്യയോ കരിയറോ എന്ന ചോദ്യം വന്നാൽ കമലിന് കരിയറായിരുന്നു അന്ന് വേണ്ടത്. അക്കാലത്ത് ശ്രീവിദ്യയ്ക്ക് അധികം സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. കമലായിരുന്നു ആത്മാർഥ സുഹൃത്ത്. എന്നാൽ അഭിനയത്തിന്റെ കാര്യം വരുമ്പോൾ കമൽ തന്നെ ഉപേക്ഷിക്കുമെന്ന് ശ്രീവിദ്യയ്ക്ക് അറിയാമായിരുന്നു. ശരീരഭാരം കൂടുതലാണ് തനിക്കെന്ന തോന്നൽ ശ്രീവിദ്യയ്ക്ക് എപ്പോഴും ഉണ്ടായിരുന്നെന്നും ശോഭന വ്യക്തമാക്കി.
ശ്രീവിദ്യയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് കമൽഹാസൻ നർത്തകി വാണി ഗണപതിയെ വിവാഹം ചെയ്തത്. പത്ത് വർഷത്തിനുള്ളിൽ ഇവർ വിവാഹമോചിതരാവുകയും ചെ്യതു. ഇതിനിടയിൽ നടി സരികയുമായി കമൽ ഒന്നിച്ച് ജീവിക്കാൻ തുടങ്ങി. എന്നാൽ ഈ ബന്ധവും വേർപിരിഞ്ഞു. തുടർന്നാണ് നടി ഗൗതമി കമലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. 13 വർഷം ലിവിംഗ് ടുഗെദറിൽ കഴിഞ്ഞ ഇരുവരും ശേഷം ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
മറുവശത്താകട്ടെ ശ്രീവിദ്യ, ജോർജ് തോമസ് എന്ന വ്യക്തിയെ 1978ൽ വിവാഹം ചെയ്തു. എന്നാൽ ഈ ബന്ധവും പ്രശ്നങ്ങളിൽ കലാശിച്ചു. വർഷങ്ങളാണ് ഇവരുടെ വിവാഹമോചന കേസ് നീണ്ടുനിന്നത്. 2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്.