ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽനിന്നു മത്സരിക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ക്ഷണിച്ചു. സോണിയ ഗാന്ധിയെ ഡൽഹിയിൽ നേരിട്ടു കണ്ടാണ് രേവന്ത് ആവശ്യമുന്നയിച്ചത്.
ഡെപ്യൂട്ടി മല്ലു ഭട്ടി വിക്രമാർക, സംസ്ഥാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഢി എന്നിവരും രേവന്തിനോടൊപ്പമുണ്ടായിരുന്നു. തെലങ്കാനയിലെ ഖമ്മം മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഭ്യർഥിച്ചിരിക്കുന്നത്.
പാർട്ടിയുടെ സംസ്ഥാന ഘടകം ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ സോണിയാ ഗാന്ധിയോട് പറഞ്ഞു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ കാണുന്നതിനാലാണ് അഭ്യർഥന നടത്തിയതെന്നും രേവന്ത് പറഞ്ഞു.
ആകെയുള്ള 17 സീറ്റുകളിൽ പരമാവധി സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് തെലങ്കാന കോൺഗ്രസ്. അതേസമയം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നു സോണിയ പ്രതികരിച്ചു. 2004 മുതൽ റായ്ബറേലി മണ്ഡലത്തിലാണ് സോണിയാ മത്സരിക്കുന്നത്.