പഴമ്പാലക്കോട് പ്രകാശന്‍ ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസര്‍

PKD-PROFESERവടക്കഞ്ചേരി: ഇടയ്ക്കയിലൂടെ വാദ്യകലാരംഗത്ത് പ്രസിദ്ധനായ പഴമ്പാലക്കോട് പ്രകാശന്‍ ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റിയില്‍ ഇനി വിസിറ്റിംഗ് പ്രഫസര്‍. കേരളീയ ക്ഷേത്രവാദ്യകലാ ചരിത്രം പാഠ്യവിഷയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് യൂണിവേഴ്‌സിറ്റി പ്രകാശനെ നിയമിച്ചിട്ടുള്ളത്.ആലത്തൂര്‍ പഴമ്പാലക്കോട് സ്വദേശിയായ പ്രകാശന്‍ കുറച്ചുവര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസിക്കുന്നത്. ഏഴാംക്ലാസില്‍ പല്ലാവൂര്‍ അപ്പുമാരാരില്‍നിന്നും വാദ്യകലാ അഭ്യാസം തുടങ്ങിയ അമ്പതുകാരനായ പ്രകാശന് നിരവധി രാജ്യങ്ങളിലായി ഏറെ ശിഷ്യസമ്പത്തും ആരാധകരുമുണ്ട്.

തൃശൂര്‍ പൂരത്തില്‍ 24 വര്‍ഷം തുടര്‍ച്ചയായി ഇലഞ്ഞിത്തറ മേളത്തില്‍ പങ്കാളിയായി. നെന്മാറ-വല്ലങ്ങിവേല, ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും തന്റെ വാദ്യവൈഭവം പ്രകാശന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാര്‍ക്ക് വാദ്യകല അഭ്യസിച്ച് തടവുകാരുടെ അരങ്ങേറ്റം നടത്തിയത് ആഭ്യന്തരവകുപ്പിന് പൊന്‍തൂവലായിരുന്നു.ഇടയ്ക്ക അക്ഷരങ്ങളില്‍, വാദ്യവിപഞ്ചിക എന്നീ രണ്ടു പുസ്തകങ്ങളും പ്രകാശന്‍ രചിച്ചിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്രവാദ്യകലയില്‍ 42 വര്‍ഷം പിന്നിടുന്ന പ്രകാശന്‍ ഓണ്‍ലൈനിലും ലോകത്തിന്റെ ഏതുമുക്കിലും മൂലയിലുമുള്ള കലാകാരന്മാര്‍ക്ക് ഇടയ്ക്ക അഭ്യസിപ്പിച്ച് ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. ചെറുപ്പത്തിലെ ദാരിദ്ര്യത്തിലും ഇല്ലായ്മയില്‍നിന്നുമായിരുന്നു കഠിനാധ്വാനത്തിലൂടെയുള്ള പ്രകാശന്റെ ഉയര്‍ച്ചകളും നേട്ടങ്ങളുമെല്ലാം തായമ്പക കുലപതിയായിരുന്ന ആലിപറമ്പ് ശിവരാമ പൊതുവാള്‍ സ്മാരക പുരസ്കാരം കഴിഞ്ഞദിവസം ഗുരുവായൂരില്‍ നടന്ന പരിപാടിയില്‍ പഴമ്പാലക്കോട് പ്രകാശന് നല്കി ആദരിച്ചിരുന്നു.

Related posts