ഞെട്ടല്‍ മാറാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍…! വൃദ്ധയുടെ വീട് വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് രണ്ടുലക്ഷത്തില്‍പരം രൂപ; കാവലിന് മൂര്‍ഖന്‍ പാമ്പും

fb-annamma

ഓമല്ലൂര്‍: ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധയുടെ വീട് കുടുംബശ്രീ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയപ്പോള്‍ കിട്ടയത് രണ്ടുലക്ഷത്തി നാല്‍പതിനായിരത്തോളം രൂപ.  ഓമല്ലൂര്‍ പൈവള്ളി ഇളവുംകണ്ടത്തില്‍ അന്നമ്മ മാമന്റെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഡോളറടക്കമുള്ള പണം കണ്ടെത്തിയതിലുണ്ട്്. ആയിരക്കണക്കിന് രൂപ ചിതലരിച്ച് നിലയിലുമാണ്. വീട്ടിലെ ഒരു മുറി കൂടി ഇനി വൃത്തിയാക്കാനും അവശേഷിക്കുന്നു.

മൂന്നുമുറിയും ഒരു അടുക്കളയുമുള്ള വീട് വര്‍ഷങ്ങളായി കാടു പിടിച്ചു കിടക്കുകയാണ്. അന്നമ്മയുടെ വീട്ടില്‍ കാടു പിടിച്ചു കിടക്കുന്നതിനാല്‍ തന്റെ കാര്‍ഷികവിളകള്‍ക്ക് തടസമാകുന്നത് അയല്‍വാസി പഞ്ചായത്തില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്  22 കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യാഴാഴ്ചയും ഇന്നലെയുമായി വീട് വൃത്തിയാക്കാന്‍ തുടങ്ങിയത്. ചുറ്റും കാടുപിടിച്ച വീടിന്റെ അകത്ത് കുപ്പിമുറികള്‍ മുതല്‍ മാലിന്യങ്ങള്‍ വരെ നിറഞ്ഞ നിലയിലായിരുന്നു. വൃത്തിയാക്കിയപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ പാമ്പടക്കമുള്ള വിഷ ജീവികളേയും കണ്ടെത്തിയതായി കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. കട്ടിലിനടിയിലും മറ്റും  ചെറിയ പൊതികളിലായി പണം സൂക്ഷിച്ചിരിക്കുകയായിരുന്നു.

എസ്ബിടി ബാങ്കില്‍ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു അന്നമ്മ. ഭര്‍ത്താവ് പാപ്പച്ചന്‍ കാതോലിക്കറ്റ് കോളജിലെ ജീവനക്കാരനായിരുന്നു. ഭര്‍ത്താവിന്റെ മരണത്തേ തുടര്‍ന്ന് പെന്‍ഷന്‍ ഏറ്റുവാങ്ങുന്നത് അന്നമ്മയാണ്. ഈ പെന്‍ഷന്‍ തുകയായിരിക്കാം വീട്ടില്‍ നിന്നു കണ്ടെത്തിയതെന്ന കണക്കുകൂട്ടലിലാണ് പ്രദേശവാസികള്‍. പരസ്പര വിരുദ്ധമായി സംസാരിക്കുന്ന അന്നമ്മ തന്നെ ഈ പണം സൂക്ഷിക്കാന്‍ ചിലര്‍ ഏല്‍പ്പിച്ചതാണെന്നും പറയുന്നു. അയല്‍വാസികളാരുമായും അന്നമ്മയ്ക്ക് വര്‍ഷങ്ങളായി സഹകരണമില്ല.

ഒരു മകള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും അന്നമ്മ പറയുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, വാര്‍ഡംഗം ലക്ഷ്മി മനോജ് തുടങ്ങിയവര്‍ പണം ഓമല്ലൂര്‍ എസ്ബിടിയില്‍ അന്നമ്മയുടെ പേരില്‍ നിക്ഷേപിച്ചു. മറ്റു പല ബാങ്കുകളിലായി അന്നമ്മയുടെ പേരില്‍ ഒന്നര ലക്ഷത്തോളം രൂപയുമുണ്ട്. 15 വര്‍ഷം മുന്‍പ് ഈ വീട് അഗ്നിക്കിരയായതായും നാട്ടുകാര്‍ പറഞ്ഞു.

Related posts