ആപ്പിള്‍ ഐ ഫോണ്‍-7 ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നും താഴേക്കെറിഞ്ഞാല്‍ എന്തുണ്ടാവും! 829 മീറ്റര്‍ ഉയരത്തില്‍ നിന്നും വീണ ഐഫോണിന് എന്തുപറ്റിയെന്നറിയാം

special2ഐ-ഫോണിന്റെ ഓരോ പതിപ്പു പുറത്തിറങ്ങുമ്പോഴും ലോകമെമ്പാടുമുള്ള ആളുകള്‍ വാങ്ങാന്‍ മത്സരിക്കുന്നത് സമീപകാലത്തെ കാഴ്ചയാണ്. ആദ്യം തന്നെ കിട്ടാന്‍ ബുക്കിംഗ് മാസങ്ങള്‍ക്കു മുമ്പേ തുടങ്ങും. കയ്യില്‍ കിട്ടിയ ഫോണ്‍ തങ്കം പോലെയാകും ആളുകള്‍ സൂക്ഷിക്കുക.
എന്നാല്‍ ഫോണിന്റെ ശക്തി ഒന്നു പരീക്ഷിക്കാമെന്നു കരുതുന്നവരുമുണ്ട്. ഫോണ്‍ താഴെയിടുകയും മുകളില്‍ ചവിട്ടുകയുമൊക്കെയാണ് ഇത്തരക്കാരുടെ സ്ഥിരം പരിപാടികള്‍. എന്നാല്‍ ഇതിലുമപ്പുറം എന്തെങ്കിലും ചെയ്യണെമെന്നായിരുന്നു ഉക്രൈന്‍കാരനായ വ്‌ളോഗറിന്റെ(ചുമ്മാ വീഡിയോ എടുത്ത് എഡിറ്റു ചെയ്യാതെ ഇന്റര്‍നെറ്റിലിടുന്നവര്‍) വിചാരം.

ഇതയാളെ കൊണ്ടെത്തിച്ചതാവട്ടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളിലും. മറ്റുള്ളവരെ സന്താഷിപ്പിക്കാനായി അയാള്‍ തന്റെ പുതിയ ഐഫോണ്‍-7 അവിടെ നിന്നും 2700 അടി താഴേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് എറിയുന്നതിന്റെ വീഡിയോയും പിടിച്ചു. ബുര്‍ജ് ഖലീഫയുെട 148-ാം നിലയില്‍ നിന്നാണ് താനിത് താഴെയിട്ടതെന്ന് വ്‌ളോഗര്‍ പറയുന്നു. ബുര്‍ജ ഖലീഫയുടെ താഴെ കനത്ത സെക്യൂരിറ്റിയുള്ളതിനാല്‍ ഫോണ്‍ കണ്ടുപിടിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്നും ഇയാള്‍ പറയുന്നു.

ഫോണ്‍ താഴേയ്ക്കിടുന്നതിനു മുമ്പ് ആരെങ്കിലും താഴെയിരിപ്പുണ്ടോയെന്ന് നോക്കിയതായൊന്നും വ്‌ളോഗര്‍ വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. ഐഫോണിന്റെ ഏഴാം പതിപ്പിലെ ഏറ്റവും കൂടിയ മോഡലായ ഐ ഫോണ്‍-7 പഌസാണ് ഇദ്ദേഹത്തിന്റെ തമാശയ്ക്കിരയായത്. 72000 ഇന്ത്യന്‍രൂപയ്ക്ക് തുല്യമായ തുക ചുളപോലെ എണ്ണിക്കൊടുത്തു ബ്രിട്ടനില്‍ നിന്നും വാങ്ങിയതാണിതെന്ന് ഓര്‍ക്കണം. എന്തായാലും ഫോണ്‍ പൊട്ടിച്ചിതറിയെന്നാണ് കക്ഷി പറയുന്നത്. ഫൈന്‍ഡ് മൈ ആപ്പ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഈ ഫോണ്‍ കണ്ടെത്താനാവുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞു കൊണ്ടാണ് ഇദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. എന്തൊരു വട്ട് അല്ലേ…

Related posts