എറണാകുളം കാഞ്ഞൂര് ആറങ്കാവിലെ ഐഎന്ടിയുസി മണല്ത്തൊഴിലാളി യൂണിയന്റെ ഓഫീസ് പുതുമോടിയോടെ അങ്കണവാടിയായി. അങ്കണവാടിക്കായി നിലവിലുള്ള പാര്ട്ടി ഓഫീസ് കെട്ടിടത്തിനൊപ്പം, വിശാലായ ഹാളും ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ഗ്രാമപഞ്ചായത്തിനു കൈമാറിയത്.
സമീപത്തെ ഭൂമി വാങ്ങിയാണ് കെട്ടിടം വിപുലമാക്കിയത്. നേരത്തെ പാര്ട്ടി ഓഫീസ് നിര്മാണത്തിനും യൂണിയന് പ്രവര്ത്തനങ്ങള്ക്കും നേതൃത്വം നല്കിയ അന്തരിച്ച മുന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണിമേനോന്റെ സ്മാരകമായാണ് അങ്കണവാടി അറിയപ്പെടുക.
ഏഴാം വാര്ഡ് മെമ്പര് സിമി ടിജോയുടെയും യൂണിയന് ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കെട്ടിടത്തിന്റെ നവീകരണ ജോലികള് പൂര്ത്തിയാക്കിയത്. അങ്കണവാടിക്കു സ്വന്തം കെട്ടിടമൊരുക്കുന്നതിലും വിവിധ സൗകര്യങ്ങള് സജ്ജമാക്കുന്നതിലും സുമനസുകള് കൈകോര്ത്തു.
എം.ഉണ്ണിമേനോന്റെ ഭാര്യ ശകുന്തള മേനോന് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. ശിലാഫലകം അനാഛാദനവും സമ്മേളനം ഉദ്ഘാടനവും അന്വര് സാദത്ത് എംഎല്എ നിര്വഹിച്ചു.
സ്ഥലത്തിന്റേയും കെട്ടിടത്തിന്റേയും ഉടമസ്ഥാവകാശ രേഖകള് എംഎല്എയില് നിന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘുവും ഐസിഡിഎസ് സൂപ്പര്വൈസര് കെ.ഒ. ജെസിയും ചേര്ന്ന് ഏറ്റുവാങ്ങി. വാര്ഡ് മെമ്പര് സിമി ടിജോ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. അഭിജിത്ത്, സെബാസ്റ്റ്യന് പോള്, കെ.വി. പോളച്ചന്, എം.ഐ. ദേവസിക്കുട്ടി, പി.ഐ. നാദിര്ഷാ, ഗ്രേസി ദയാനന്ദന്, എം.വി. സത്യന്, ടിജോ വര്ഗീസ്, പി.വി. തങ്കച്ചന്, അധ്യാപിക കെ.എസ്. ഷൈലജ, ഷാന്റി ജോസ് തുടങ്ങിയവര് പ്രസംഗിച്ചു.

