ചാലക്കുടി: രണ്ടു വൃക്കരോഗികളെ സഹായിക്കാന്‍ മിഷാല്‍ ബസുകളുടെ കാരുണ്യയാത്ര. ചാലക്കുടി റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ കളക്കാട്ടുകാരന്‍ ബൈജുവിനെയും, കൂടപ്പുഴ ഗാന്ധി നഗറില്‍ തങ്ങാടന് രമേശിന്റെ ഭാര്യ കവിതയുടെയും ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കുന്നതിനാണ് നിഷാല്‍ ബസുകള്‍ തിങ്കളാഴ്ച സര്‍വീസ് നടത്തുന്നത്. ചാലക്കുടി- ഇരിങ്ങാലക്കുട- ചെമ്മണ്ട റൂട്ടിലോടുന്ന നിഷാല്‍ ബസിലെ തിങ്കളാഴ്ചയിലെ മുഴുവന്‍ കളക്ഷനും ബൈജുവിന് ചികിത്സ സഹായമായി നല്‍കും.
ബൈജുവിന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമാണ്. ഇരിങ്ങാലക്കുടയില്‍വച്ച് പ്രഫ. കെ.യു. അരുണന് എംഎല്‍എ കാരുണ്യ സര്‍വീസ് ഫഌഗ് ഓഫ് ചെയ്യും. ഇരുവൃക്കകളും തകരാറിലായ കവിതയുടെ വൃക്ക മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അമ്മയുടെ വൃക്ക എടുക്കാന്‍ തീരുമാനമായിട്ടുണ്ട്. മാസത്തില്‍ എട്ടുഡയാലിസീസ് നടത്തിയാണ് കവിത ജീവന് നിലനിര്‍ത്തുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് രമേശിന്റെ തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
കൊന്നക്കുഴി -ചാലക്കുടി -മാള -പുത്തന്‍വേലിക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന നിഷാല്‍ ബസിന്റെ തിങ്കളാഴ്ചയിലെ മുഴുവന്‍ കളക്ഷനും കവിതയുടെ ചികിത്സയ്ക്കായി നല്‍കുമെന്ന് ബസുടമകളായ മനോജും, എം.കെ. മിന്‍ഹാജും അറിയിച്ചു. ചാലക്കുടിയില്‍ ബി.ഡി. ദേവസി എംഎല്‍എ ബസ് യാത്ര ഫഌഗ് ഓഫ്് ചെയ്യും. നേരത്തെ രോഗികളെ സഹായിക്കാന്‍ നിഷാല്‍ ബസുകള്‍ കാരുണ്യ യാത്ര നടത്തി ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്. ജീവനക്കാരുടെ സഹകരണത്തോടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.