തൃശൂർ: ഇത്തവണ തൃശൂർ എടുക്കും എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നത്, ജൂൺ നാലിന് തൃശൂരിന് ഉയിർപ്പാണ് സംഭവിക്കാൻ പോകുന്നത്. തൃശൂർ വഴി കേരളത്തിന്റെ ഉയിർപ്പ് സംജാതമാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേ സമയം, സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിൽ
അദ്ദേഹത്തിൽ നിന്നും ജില്ലാ കളക്ടർ വിശദീകരണം തേടിയിരുന്നു. വോട്ട് അഭ്യർഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.
സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ. കെ. വത്സരാജാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സുരേഷ് ഗോപിക്കെതിരേ പരാതി നൽകിയത്.