കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നാളെ. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കുന്ന മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സും എതിരാളികളായ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയും കൊച്ചിയിലെത്തി. ബ്ലാസ്റ്റേഴ്‌സ് ടീം മത്സരത്തിനായുള്ള പരിശീലനം ആരംഭിച്ചു. ഇന്നു രാവിലെ തൃപ്പൂണിത്തുറ ചോയ്‌സ് സ്കൂള്‍ ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചത്.
ലുലു മാരിയറ്റ് ഹോട്ടലിലാണ് ഇരുടീമിനും താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനമത്സരത്തില്‍ തോറ്റെങ്കിലും രാജകീയ വരവേല്‍പ്പാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ ആരാധകര്‍ നല്‍കിയത്. ബാന്‍ഡ് വാദ്യങ്ങളും താരങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ബാനറുകളുമായാണ് ആരാധകരെത്തിയത്. ബ്ലാസ്റ്റേഴ്‌സ് ടീം ഞായറാഴ്ച വൈകിട്ടും കോല്‍ക്കത്ത ടീം ഇന്നലെ രാത്രിയുമാണ് എത്തിയത്. ഇരുടീമും ഇന്നലെ പരിശീലനത്തിനിറങ്ങിയിരുന്നില്ല.