പകരത്തിനു പകരം! സിസിടിവി ദൃശ്യങ്ങള്‍ തുണയായി; പിണറായിയിലെ രമിത്തിനെ കൊലപ്പെടുത്തിയ കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു

crime1തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായി ഓലയമ്പലത്തെ  കൊല്ലനാണ്ടി വീട്ടില്‍ രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ആറംഗ കൊലയാളി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. പിണറായിയിലും പരിസരത്തുമുള്ള സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലുള്ളതെന്നാണ് സൂചന. കൊലപാതകം നടന്ന സ്ഥലത്തിന്റെ തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലയാളികളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇതിനു പുറമെ രമിത്ത് വീട്ടില്‍ നിന്നിറങ്ങിയ വിവരവും റോഡ് ക്രോസ് ചെയ്ത വിവരവും കൊലയാളി സംഘത്തെ മൊബൈല്‍ ഫോണിലൂടെ അറിയിച്ച വ്യക്തിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തീര്‍ത്തും പ്രാദേശീകമായി നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സിപിഎം ബ്രാഞ്ച് സെക്രട്ടറി പാതിരിയാട്ടെ മോഹനന്‍ കൊല്ലപ്പെട്ടതിനുള്ള പ്രതികാരം തീര്‍ക്കുന്നതിനായി പ്രാദേശികമായി ഒരു സംഘം നടത്തിയ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നിലുള്ളതെന്നും രണ്ടുദിവസം പിന്തുടര്‍ന്ന ശേഷമാണ് രമിത്തിനെ കൊലപ്പെടുത്തിയതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവദിവസത്തെ ഫോണ്‍ കോളുകള്‍ വിശദമായിട്ട് ഇതിനകം തന്നെ അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് കൊലപാതകത്തിന് നിര്‍ദേശം നല്‍കിയവരെക്കുറിച്ചുള്ള വിവരവും പോലീസിന് കിട്ടിയതായും സൂചനയുണ്ട്. മൂന്ന് ബൈക്കുകളിലായിട്ടാണ് അക്രമികള്‍ എത്തിയത്. ഈ ബൈക്കുകളുടെ ഉടമകളേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും അന്വേഷണ സംഘത്തിലെ അംഗമായ കണ്ണൂര്‍ ടൗണ്‍ സിഐ വേണുഗോപാല്‍ രാഷ്്ട്രദീപികയോട് പറഞ്ഞു.

കൊല്ലപ്പെട്ട രമിത്തിന്റെ ദേഹത്ത് 21 മുറിവുകള്‍ ഉള്ളതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴുത്തിലേറ്റ ഒമ്പത് സെന്റിമീറ്റര്‍ നീളത്തിലുള്ളആഴമുള്ള മുറിവാണ് രമിത്തിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ടി.പി. രഞ്ചിത്തിന്റെ നേതൃത്വത്തിലുള്ള  15 അംഗ പ്രത്യേക സംഘമാണ് കേസ് രമിത്തിന്‍െറ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണ സംഘം ഇന്ന് രാവിലെ പിണറായിയില്‍ എത്തി അന്വേഷണം നടത്തി.  ചൊവ്വാഴ്ച രാവിലെ 10.20ഓടെയാണ് പിണറായി പെട്രോള്‍ പമ്പിനു സമീപത്തെ റോഡരികില്‍ രമിത്ത് വെട്ടേറ്റ് മരിച്ചത്. സഹോദരിക്ക് മരുന്നുവാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്തു തന്നെയായിരുന്നു സംഭവം.

രമിത്തിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത്  ഉടലെടുത്ത സംഘര്‍ഷാവസ്ഥക്ക് അയവ് വന്നിട്ടില്ല. പിണറായിയിലും സമീപ പ്രദേശങ്ങളിലും  കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുള്‍പ്പെടെ സായുധ സേനയെയാണ് സംഘര്‍ഷ മേഖലകളില്‍ വിന്യസിച്ചിട്ടുള്ളത്. എഡിജിപി സുധേഷ്കുമാര്‍,ഐജി ദിനേന്ദ്ര കശ്യപ്, എന്നിവര്‍ ഇന്നലേയും തലശേരിയില്‍ ക്യാമ്പ് ചെയ്ത ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കി.

Related posts