പാലക്കാട്: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ കോങ്ങാട് പോലീസ് അറസ്റ്റുചെയ്തു. പൊരിയാനി പുത്തന്‍പീടികയില്‍ അസീസിന്റെ മകന്‍ ഷാജഹാന്‍(27) ആണ് അറസ്റ്റിലായത്. മുണ്ടൂര്‍ ഐആര്‍ടിസിയില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. എറണാകുളത്തു ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തക മുണ്ടൂര്‍ ഐആര്‍ടിസിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ശില്പശാലയില്‍ പങ്കെടുക്കുന്നതിനായി എത്തിയതാണ്.
കോങ്ങാട് പോലീസ് പറയുന്നത് ഇങ്ങനെ: പൊരിയാനി ബസ് സ്റ്റോപ്പിലിറങ്ങി ഒരു കിലോമീറ്റര്‍ ദൂരമുള്ള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പ്രൊഡക്ഷന്‍ സെന്ററായ ഐആര്‍ടിസിയില്‍ നടക്കുന്ന ക്യാമ്പില്‍ സംസാരിക്കാന്‍ മാധ്യമ പ്രവര്‍ത്തക നടന്നു വരുമ്പോഴായിരുന്നു സംഭവം. ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതി ചിരപരിചിതനെപ്പോലെ മാധ്യമ പ്രവര്‍ത്തകയുമായി പരിചയപ്പെട്ടു. തുടര്‍ന്നു ബൈക്ക് നിര്‍ത്തി നടക്കുന്നതിനിടെ വിജനമായ റോഡില്‍നിന്നും താഴേക്കു പിടിച്ചുവലിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി ശബ്ദം ഉണ്ടാക്കിയതിനെതുടര്‍ന്നു ബൈക്കുമായി ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.
ഡല്‍ഹി രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ ഉടമയെ വാട്‌സ് ആപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ഈ സംഭവത്തിനു തലേദിവസം ഐആര്‍ടിസിയിലെ ജീവനക്കാരിക്കുനേരെ അസഭ്യവര്‍ഷം നടത്തിയ ഷാജഹാന്‍ ആക്രമണത്തിനും ശ്രമിച്ചിരുന്നു. ഈ സമയത്തു മറ്റൊരു വാഹനം വന്നതിനെതുടര്‍ന്ന് പ്രതി ബുള്ളറ്റില്‍ രക്ഷപ്പെട്ടതായ പരാതിയും കോങ്ങാട് പോലീസിനു ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.