പല്ലുകള്‍ എടുത്തു കളഞ്ഞു, വായ തുറക്കാന്‍ സാധിക്കാതായി, സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടി! 40 വര്‍ഷം മുമ്പ് ആരെങ്കിലും മുന്നറിയിപ്പ് തന്നിരുന്നെങ്കില്‍; പുകയില ശീലത്തില്‍ പശ്ചാത്താപം അറിയിച്ച് ശരത് പവാര്‍

പുകയിലയും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കരുതെന്ന് എത്രയധികം പ്രഘോഷിച്ചാലും സ്വയം തീരുമാനമെടുക്കാതെ അത്തരം ദുശീലങ്ങളില്‍ നിന്ന് മോചനം നേടാന്‍ ആര്‍ക്കും സാധിക്കുകയില്ല.

ഇത്തരത്തില്‍ വര്‍ഷങ്ങളായി പുകയില ഉപയോഗിച്ചതില്‍ തനിക്കുള്ള മനസ്താപം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. പുകയില ഉപയോഗിച്ചതില്‍ തനിക്കു പശ്ചാത്താപം ഉണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണദ്ദേഹം

2022 ഓടെ വായിലെ അര്‍ബുദം തുടച്ചു നീക്കാനുള്ള ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്റെ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണു ശരത് പവാര്‍ ഇതു പറഞ്ഞത്. 40 വര്‍ഷം മുമ്പ് പുകയിലയുടെയും സുപാരിയയുടെയും ദൂഷ്യഫലങ്ങളെക്കുറിച്ച് ആരെങ്കിലും തനിക്ക് മുന്നറിയിപ്പു നല്‍കിരുന്നു എങ്കില്‍ ഇന്ന് ആഗ്രഹിച്ചു പോകുകയാണ് എന്നും ശരത് പവാര്‍ പറഞ്ഞു.

വായില്‍ ബാധിച്ച കാന്‍സര്‍ തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. ഇതില്‍ നിന്നു രക്ഷനേടാനായി ശസ്ത്രകിയ നടത്തി. പല്ലുകള്‍ എടുത്തു കളഞ്ഞു. വായ തുറക്കാന്‍ സാധിക്കാതായി. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടി എന്നും പവാര്‍ പറഞ്ഞു.

ഇന്നു ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഈ രോഗത്തിന് ഇരയാകുന്നതില്‍ തനിക്കു വേദനയുണ്ട്. ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തും എന്നും പവാര്‍ ഉറപ്പു നല്‍കുന്നു. ദന്തല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പവാര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

 

Related posts