ഇടപ്പള്ളി ടോളിലെ ക്രോസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു

EKM-CROSSINGകളമശേരി: ഇടപ്പള്ളി ടോളിലെ ഒരു മാസക്കാലമായി അടച്ചിട്ട ക്രോസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍  ഇന്നു  രാവിലെ മുതല്‍ തുറന്നു. കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യം പത്തു ദിവസത്തിനകം നടപ്പാക്കും. മാസവസാനം ഈ ട്രാഫിക് പരിഷ്കാരം വിലയിരുത്തിയ ശേഷം നവംബര്‍ ഒന്നുമുതല്‍ സ്ഥിരപ്പെടുത്തും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ ചേര്‍ന്ന  യോഗത്തിലാണ് ഈ  തീരുമാനങ്ങള്‍ എടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ഇതേ യോഗം ചേര്‍ന്ന് 24 മുതല്‍ ക്രോസിംഗ് അനുവദിച്ചിരുന്നു.

ഇടപ്പള്ളി മേല്‍പ്പാലം വന്നതിന്‍െറ ഭാഗമായാണ്  ഈ മേഖലയിലെ ക്രോസിംഗുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതും പിന്നീട്  ജനരോഷത്തെ തുടര്‍ന്ന് തുറന്ന് കൊടുക്കാനും നടപടിയായതും. എന്നാല്‍ യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിളിച്ചില്ലെന്ന പേരില്‍ സി പി എം  ട്രാഫിക് പോലീസിനെ വെല്ലുവിളിച്ച് ക്രോസിംഗ് അടച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും കളക്ടര്‍ യോഗം വിളിച്ചത്. ക്രോസിംഗ് താത്ക്കാലികമായി തുറന്നതോടെ  ഇടപ്പളളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക്  പുക്കാട്ടുപടി റോഡിലേക്കും പുക്കാട്ടുപടി ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് നോര്‍ത്ത് കളമശേരി ഭാഗത്തേക്കും തിരിയാന്‍ അനുമതി ലഭിച്ചു. ഇതിനെ തുടര്‍ന്ന്  ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് ട്രാഫിക് പോലീസ്  വിലയിരുത്തും.

റോഡ് ഗതാഗതം സുഗമമെന്നു കണ്ടാല്‍ ക്രോസിംഗ്  അടയ്ക്കുകയില്ല. എന്നാല്‍   ഗതാഗതം തടസപ്പെടുകയോ സ്തംഭിക്കുകയോ ചെയ്താല്‍ ക്രോസിംഗ് അടയ്ക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഇടപ്പള്ളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഇപ്പോള്‍ തിരിയുന്നിടത്ത് റോഡരികിലുള്ള പുറമ്പോക്ക് ഭൂമി കൂടി ഉപയോഗപ്പെടുത്തി കൂടുതല്‍ സൗകര്യമൊരുക്കും. ഈ ഭാഗത്ത് തുറന്നു കിടക്കുന്ന കാനകള്‍ സ്ലാബിട്ട് മൂടി ഫുട്പാത്ത് നിര്‍മിക്കും. ഇടപ്പള്ളി മേല്‍പാലത്തിനടിയിലെ യു ടേണ്‍ ഭാഗത്ത് വീതി കൂട്ടി ടാര്‍ ചെയ്യും.

ഇടപ്പള്ളി ടോളിലെ വി പി മരക്കാര്‍ റോഡിനടുത്തുള്ള ഓട്ടോസ്റ്റാന്‍ഡ് ആലുവ ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിനു സമീപത്തേക്ക് മാറ്റും. ഇവിടെയുള്ള ഇരുചക്രവാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. ഇടപ്പള്ളി പള്ളിക്കു മുന്നിലെ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ് പഴയതുപോലെ ഇടപ്പള്ളി കവലയിലേക്ക് മാറ്റാനും ആലോചനയുണ്ട്.10 ദിവസത്തിനകം ഇടപ്പള്ളി ടോളില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സൗകര്യവും ഒരുക്കും.

ജില്ലാ കളക്ടറെ കൂടാതെ കളമശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍,  ആര്‍ ടി ഒ സാദിഖലി, ട്രാഫിക് സി ഐ സി കെ ബിജോയ് ചന്ദ്രന്‍ , ഡി എം ആര്‍ സി, കെ എം ആര്‍ എല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts