കോതമംഗലം: കാട്ടിലെ താല്കാലിക കുടിലില്‍ വൈദ്യസഹായമില്ലാതെ ആദിവാസി യുവതിക്ക് സുഖപ്രസവം. തലവച്ചപ്പാറ കുടിയിലെ മനോഹരന്റെ ഭാര്യ സോണിയ(21)യാണ് കാട്ടിലെ കുടിലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടമ്പുഴ ആനക്കയം ഭാഗത്തെ കാട്ടിലെ അമന്തുളി ഭാഗത്ത് ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു പ്രസവം. ഭര്‍ത്താവും മാതാപിതാക്കളായ മാരിയപ്പനും രാധയും മാത്രമാണ് പ്രസവ സമയത്ത് കുടിലില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 11 ഓടെ മുളം ചങ്ങാടത്തില്‍ അമ്മയേയും കുഞ്ഞിനേയും മറുകര കടത്തി വടാട്ടുപാറ വഴി ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഈറ്റ നാമ്പു കൊണ്ടാണ് പൊക്കിള്‍കൊടി മുറിച്ചു മാറ്റിയത്. രാത്രിയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഈറ്റകുടിലിലെ തറയുടെ ചുറ്റും സാരി മറച്ച് പ്രസവത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. ഇന്നാണ് ഡോക്ടര്‍ പ്രസവ തീയതി അറിയിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി പത്തോടെ സോണിയയ്ക്ക് പ്രസവവേദന കലശലായി. ആശുപത്രിയില്‍ എത്തണമെങ്കില്‍ കൂരിരുട്ടില്‍ പുഴ കടക്കണം.
മനോഹരന് ഓട്ടോറിക്ഷ വിളിക്കാന്‍ ചങ്ങാടം തുഴഞ്ഞ് വടാട്ടുപാറ ആനക്കയം ഭാഗത്ത് എത്തിയെങ്കിലും കാട്ടാനയുടെ ശല്യം മൂലം തിരിച്ചുപോന്നു. ശക്തമായ മഴയും ആനശല്യവും ഭയന്ന് അമ്മയെയും കുഞ്ഞിനെയുമായി ഒറ്റമുറി ഷെഡിലിരുന്നാണ് ഇവര്‍ നേരം വെളുപ്പിച്ചത്. രാവിലെ വന്ന പൂയംകുട്ടി സ്റ്റേഷനിലെ വനപാലകരാണ് വിവരം അറിഞ്ഞ് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം ചെയ്തത്.
അമ്മയേയും കുഞ്ഞിനെയും മുളം തണ്ടുകള്‍ കൂട്ടികെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ പുഴയിലൂടെ മറുകരെ എത്തിക്കുകയായിരുന്നു. തോളിലെ മാറാപ്പില്‍ ഒന്നര വയസുള്ള കുട്ടിയുമായാണ് മനോഹരന് ചങ്ങാടം തുഴഞ്ഞത്. ചോരകുഞ്ഞിനെ മാറോടണച്ച് ചങ്ങാടത്തിന് നടുവില്‍ സോണിയയും എസ്ടി പ്രമോട്ടര്‍മാരും. ഇടമലയാറും പൂയംകുട്ടിയാറും ചേരുന്നതിനു സമീപമായതിനാല് ഇവിടെ പുഴയ്ക്ക് അര കിലോമീറ്ററോളം വീതിയുണ്ട്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇവിടെ നിന്നു ആംബുലന്‍സില്‍ ഉച്ചയോടെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തി.
അമ്മയേയും കുഞ്ഞിനേയും ഡോക്ടര്‍ പരിശോധിച്ചശേഷം വൈകുന്നേരത്തോടെ വാര്‍ഡിലേക്ക് മാറ്റി. കുഞ്ഞിന് തൂക്ക കുറവുണ്ടെന്നു കണ്ട് കോതമംഗലം ആശുപത്രിയില്‍ നിന്നു റഫര്‍ ചെയ്ത് കളമശേരി മെഡിക്കല്‍ കോളജിലായിരുന്നു സോണിയയെ ചികിത്സിച്ചിരുന്നത്. 13നു ആശുപത്രിയിലെത്തി പരിശോധന കഴിഞ്ഞ് മടങ്ങിയതാണ്. വനം വകുപ്പ് താല്കാലിക വാച്ചറായ മാരിയപ്പനും ഭാര്യയും അമന്തൂളി ഭാഗത്ത് പത്തിരിപൂ ശേഖരിക്കാനാണ് കുടില്‍കെട്ടി താമസമാക്കിയത്.
പ്രസവ തീയതി അടുത്തതിനാല്‍ ആശുപത്രിയില്‍ പോകുന്നതിന് എളുപ്പത്തിന് സോണിയയും ഭര്‍ത്താവും ഇവിടെ താമസമാക്കുകയായിരുന്നു. കഴിഞ്ഞ 15 നു രാത്രി പിണവൂര്‍കുടി ആനന്ദംകുടി തോട്ടുംപുറത്ത് രവിയുടെ ഭാര്യ സനജ(25) ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍ പ്രസവിച്ചിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സോണിയയുടെ തൊട്ടടുത്ത ബെഡിലാണ് സനജയും കുഞ്ഞും.