മാതൃകയാക്കാം..! ഇനി ആനകളില്ല; ദേവിക്ക് എഴുന്നെള്ളാന്‍ രഥവുമായി മണക്കാട്ട് ക്ഷേത്രം

elephantചിറക്കടവ്: മണക്കാട്ട് ശ്രീ ഭദ്രാക്ഷേത്രത്തില്‍ ഉത്സവത്തിന് ഇനി ആനകളില്ല. ആനകളുടെ സ്ഥാനത്ത് ദേവിയെ എഴുന്നെള്ളിക്കാന്‍ രഥം ഉപയോഗിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ദേവസ്വം ഭരണസമിതി.മിക്ക ക്ഷേത്രങ്ങളിലും ആനകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന തരംഗത്തിനു വഴങ്ങാതെ ആനകളെ പാടെ ഒഴിവാക്കിയുള്ള രഥോത്സവത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതിയോഗം അംഗീകാരം നല്‍കി.

മധ്യതിരുവിതാംകൂറില്‍ പൊതുവെ ആനകളെ ഉപയോഗിച്ചാണ് എഴുന്നള്ളിപ്പ്. കുറഞ്ഞത് മൂന്ന് ആനകളാണ് വേണ്ടത്. ആനച്ചമയങ്ങള്‍ ഉള്‍പ്പെടെ ഓരോ ആനയ്ക്കും ഒരുലക്ഷം രൂപയോളം ചെലവുണ്ട്. മുന്‍കാലത്ത് അഞ്ച് ആനകളെ അണിനിരത്തിയിരുന്ന മണക്കാട്ട് ഉത്സവത്തിന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആനകളുടെ എണ്ണം കുറച്ചുകൊണ്ടുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് ഉത്സവം നടത്തിയത്. ഈ പതിവ് രീതിക്കാണ് മാറ്റം വരുത്തുന്നത്.

ദേവീഹിതം അനുസരിച്ചും താന്ത്രിക വിധിപ്രകാരവുമാണ് രഥനിര്‍മാണം. തന്ത്രിമുഖ്യന്മാരുടെയും ക്ഷേത്രം ഭരണസമിതിയുടെയും ഭക്തജനങ്ങളുടെയും പൂര്‍ണ പിന്തുണയോടെയുള്ള രഥനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പുതിയൊരു രഥോത്സവകാഴ്ചകളിലേക്ക് മിഴി തുറക്കുകയാണ് ചിറക്കടവ് പ്രദേശം.

ഡിസംബര്‍ 26ന് കൊടിയേറുന്ന ഉത്സവം മുതല്‍ എഴുന്നെള്ളിപ്പിന് രഥമാണ് ഉപയോഗിക്കുക. ദേവവൃക്ഷത്തില്‍ നിര്‍മിക്കുന്ന രഥത്തില്‍ 32 ശില്പങ്ങളും നിറയെ കൊത്തുപണികളുമാണുള്ളത്. 12 അടി ഉയരവും മൂന്നു ടണ്‍ ഭാരവുമുണ്ട്. തമിഴകത്തെ പ്രമുഖ സ്ഥപതി പൊന്‍രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ കുംഭകോണത്തെ പണിശാലയില്‍ രഥനിര്‍മാണം തുടങ്ങി.

ഇതിന്റെ മുന്നോടിയായി കുംഭകോണം ആദികുംഭേശ്വര ക്ഷേത്രത്തിലും മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തിലും പ്രത്യേക പൂജകള്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരേസമയത്തു നടന്നു. മണക്കാട്ട് ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ഡോ. സി.പി.എസ്. പിള്ള, സി.എസ്. മുരളീധരന്‍പിള്ള, എം.കെ. ജയകുമാര്‍, എം.എന്‍. രാജരത്‌നം, ടി.പി. രവീന്ദ്രന്‍പിള്ള, കെ.പി. ഭാസ്കരന്‍പിള്ള, പി.കെ. സുകുമാരപിള്ള, എം.ബി. രാജേന്ദ്രന്‍ എന്നിവരും കുംഭകോണം ആദികുംഭേശ്വരക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് പൊന്‍ രാധാകൃഷ്ണന്‍, ആര്‍. ഗണേഷ് ബാബു, ആര്‍. കാര്‍ത്തികേയന്‍ എന്നിവരും നേതൃത്വം നല്‍കി. രഥം നിര്‍മാണം പൂര്‍ത്തിയാക്കി ഡിസംബര്‍ ഒന്നിന് മണക്കാട്ടമ്മയ്ക്കു സമര്‍പ്പിക്കും. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ ദേവിയെ രഥത്തിലാണ് എഴുന്നെള്ളിക്കുന്നത്.

Related posts