എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. കോലഞ്ചേരി-തൊടുപുഴ കെഎസ്ആര്‍ടിസി ബസിലാണ് സംഭവം അരങ്ങേറിയത്. തൊടുപുഴയ്ക്ക് കുടുംബത്തോടെ യാത്ര ചെയ്യുകയായിരുന്ന വനിതാ ഡോക്ടര്‍ക്കാണ് ദുരാനുഭവം ഉണ്ടായത്. യാത്രക്കാരിയെ കടന്നുപിടിച്ചശേഷം ചാടി രക്ഷപ്പെടുന്നതിനിടെയാണ് വൃദ്ധന്റെ കൈയ്യും കാലും ഒടിഞ്ഞത്.
സംഭവം ഇങ്ങനെ- തിരുവാങ്കുളത്തുനിന്നും ബസില്‍ കയറിയതാണ് 70കാരന്‍. വാളകം സ്വദേശിയാണ് ഇയാള്‍. പിന്‍ഭാഗത്തെ സീറ്റിലായിരുന്ന ഡോക്ടറും കുടുംബവും ഇരുന്നിരുന്നത്. ബസില്‍ നല്ല തിരക്കുമുണ്ടായിരുന്നു. ബസ് പുറപ്പെട്ടപ്പോള്‍ മുതല്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് വനിതാ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ വൃദ്ധനെയൊട്ടു സംശയവും തോന്നിയില്ല. ശല്യം സഹിക്കവയ്യാതായപ്പോള്‍ യുവതി ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. അതോടെ ഭര്‍ത്താവ് സീറ്റ് മാറിയിരുന്നു. എന്നിട്ടും ശല്യം തുടര്‍ന്നു. ഭര്‍ത്താവ് സൂക്ഷിച്ചുനോക്കിയപ്പോഴാണ് വൃദ്ധന്റെ വിക്രിയകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ വൃദ്ധന്‍ പെട്ടെന്ന് ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് ചാടി. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ കൈയ്യും കാലും ഒടിഞ്ഞു. തുടര്‍ന്ന് ഇയാളെ ഇതേ ബസില്‍ തന്നെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെത്തിച്ചു. യുവതി കേസ് നല്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല.