പീഡനങ്ങള്‍ മാത്രമല്ല, ട്രെയിന്‍ ദുരന്തങ്ങളും! ട്രെയിന്‍ യാത്രയില്‍ സൗമ്യമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ നടപടികളുമായി രണ്ടു മിടുക്കികള്‍

train-1ഷൊര്‍ണൂര്‍: സൗമ്യമാര്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ഈ പെണ്‍കുട്ടികള്‍ക്കു നിര്‍ബന്ധമുണ്ട്. പീഡനങ്ങള്‍ മാത്രമല്ല, മറ്റു ട്രെയിന്‍ ദുരന്തങ്ങള്‍ സംഭവിക്കരുതെന്നും അവര്‍ പ്രാര്‍ഥിക്കുന്നു. അതിനുള്ള ഉപായവും കണ്ടുപിടിച്ചാണ് ഷൊര്‍ണൂരിലേക്ക് അവര്‍ തീവണ്ടി കയറിയത്. കേരളക്കരമാത്രമല്ല, രാജ്യമെങ്ങും സുരക്ഷിത ട്രെയിന്‍, സുരക്ഷിത യാത്ര എന്ന ആശയം  ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ രണ്ടു മിടുക്കികള്‍ അത് നടപ്പാക്കിക്കഴിഞ്ഞു. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയിലെ  ശാസ്ത്രപ്രവൃത്തി പരിചയമേളയിലാണ് ഈ കണ്ടുപിടിത്തം.

കോന്നി ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ  ലക്ഷ്മിക ലാല്‍, കെ.ആര്‍.ഗ്രീഷ്മ എന്നിവരാണ് എച്ച്എസ്എസ് വിഭാഗത്തില്‍ സുരക്ഷിത ട്രെയിന്‍യാത്ര എന്ന ആശയവുമായി എത്തിയത്. ലേഡീസ് കംപാര്‍ട്ടുമെന്റുള്‍പ്പെടെ എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും സ്ഥാപിക്കുന്ന ചില സ്വിച്ചുകളിലൂടെയാണ് എട്ടോളം സന്ദേശങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നത്.

സ്ത്രീകള്‍ക്കുനേരെ ആരെങ്കിലും അതിക്രമം കാണിച്ചാല്‍ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സ്വിച്ചില്‍ അമര്‍ത്തിയാല്‍ മതി. എന്‍ജിന്‍ റൂമിലും പോലീസ് കണ്‍ട്രോള്‍ റൂമിലും അലാറം ശബ്ദിക്കും. എവിടെയാണ് അത്യാഹിതമെന്നു കോച്ച് നമ്പര്‍ ഉള്‍പ്പടെ പോലീസിനും മറ്റ് അധികൃതര്‍ക്കും  പെട്ടെന്നു മനസിലാക്കാനാവും. കൂടാതെ തീപിടിത്തം, ട്രെയിനിലെ  മദ്യപാനം എന്നിവ തടയാനും ഉടന്‍ നടപടിയെടുക്കാനും ഫയര്‍ഫോഴ്‌സ്, റെയില്‍വെ പോലീസ് എന്നിവര്‍ക്ക് ഇതുവഴി സാധിക്കും.

ഓരോരുന്നിനും അതിന്റേതായ സ്വിച്ചുകളാണുള്ളത്. അതാതു വിഭാഗങ്ങളിലെ നമ്പറുകള്‍ വയര്‍ലെസ് വഴി കണക്ടുചെയ്താണ് ഈ കണ്ടുപിടിത്തം ആവിഷ്കരിച്ചിരിക്കുന്നത്. ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് നിത്യവും പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കണ്ടിട്ടാണ് ഇത്തരമൊരു ആശയവുമായി മത്സരരംഗത്തിറങ്ങാന്‍ ഇവര്‍ താത്പര്യം പ്രകടിപ്പിച്ചത്. കൂടാതെ സൗമ്യയുടെ ദുരന്തം ഒരു വിങ്ങലായി ഈ പെണ്‍മനസുകളില്‍ ഇന്നുമുണ്ട്.

Related posts