ആദ്യം ഇന്റര്‍വ്യൂ, പിന്നെ അമിത കൂലി, ഇറങ്ങുമ്പോള്‍… ഗുരുവായൂരിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഓട്ടോ ഡ്രൈവര്‍മാരുടെ വക പീഡനം; ഒന്നര കിലോമീറ്റര്‍ പോകുന്നതിന് 70രൂപ വരെ വാങ്ങുന്നു

fb-auto-taxi

ഗുരുവായൂര്‍: ക്ഷേത്രനഗരിയിലെത്തുന്ന തീര്‍ഥാടകരും പൊതുജനങ്ങളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രീപെയ്ഡ് ഓട്ടോ സംവിധാനം നടപ്പാക്കാനുള്ള തീരുമാനം ഫയലില്‍ ഉറങ്ങുന്നു. ഈ സീസണിലും തീര്‍ഥാടകര്‍ അമിത കൂലി നല്‍കേണ്ടിവരും. ഗുരുവായൂരിലെ ഒരു വിഭാഗം ഓട്ടോറിക്ഷകള്‍ അമിത കൂലി ഈടാക്കുന്നെന്ന പരാതി വ്യാപകമായതോടെയാണ് പ്രീ പെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സിപിഎം ജില്ല നേതാവ് സി.സുമേഷിനെ അമിത കൂലി ആവശ്യപ്പെട്ട് മര്‍ദിച്ചതോടെയാണ് ഗുരുവായൂരിലെ ഒരു വിഭാഗം ഓട്ടോറിക്ഷകളുടെ അമിതകൂലിയും ഭീഷണിയും പുറത്തറിയുന്നത്. ഇതോടെ നഗരസഭ ഇടപെട്ട് പോലീസിന്റേയും ആര്‍ടിഒയുടേയും നേതൃത്വത്തില്‍ ജൂലൈ 25ന് യോഗം ചേര്‍ന്നാണ് പ്രിപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

അംഗീകൃത ട്രേഡ് യൂണിയനുകളേയും വിശ്വാസത്തിലെടുത്തായിരുന്നു തീരുമാനം. റെയില്‍വെ സ്റ്റേഷനില്‍ പ്രീപെയ്ഡ് കൗണ്ടര്‍ നിര്‍മിക്കാന്‍ റെയില്‍വെയുടെ അനുമതിയും ലഭിച്ചു. നവരാത്രിക്കാലത്ത് തുടങ്ങും എന്ന് പറഞ്ഞിരുന്ന സംവിധാനം നടപ്പിലാകാതായതോടെ അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജനം. റെയില്‍വെസ്റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തേക്ക് 70രൂപവരെ ഈടാക്കുന്നതായാണ് പരാതി.

ഇതിനു പുറമെ ഡ്രൈവര്‍മാരുടെ അഭിമുഖത്തിനുശേഷം മാത്രമേ യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്നും പരാതയുണ്ട്. ആയിരക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരിമല സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രീപെയ്ഡ് ഓട്ടോ സംവിധാനം നപ്പിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related posts