ബംഗ്ലാദേശ് ബാലികമാര്‍ക്ക് പീഡനം: മൂന്നു പ്രതികള്‍ക്ക് കഠിന തടവും പിഴയും

PKD-COURTമഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു ബംഗ്ലാദേശ് ബാലികമാരെ ജോലി വാഗ്ദാനം ചെയ്ത് ബംഗളൂരുവില്‍ നിന്നു തട്ടിക്കൊണ്ടുവന്നു പലര്‍ക്കായി കാഴ്ചവച്ച മൂന്നു പ്രതികള്‍ക്ക് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.   ഒന്നാം പ്രതി കോഴിക്കോട് ചെറുവണ്ണൂര്‍ കോയസന്‍ വീട്ടില്‍ റഹീം (35), മൂന്നാം പ്രതി വയനാട് കല്‍പ്പറ്റ മുട്ടില്‍ പുതിയപുരയില്‍ സുഹൈല്‍ തങ്ങള്‍ എന്ന ഫൈസല്‍ (45), നാലാം പ്രതി കോഴിക്കോട് നരിക്കുനി പുത്തൂര്‍ ചാലില്‍ മോഹനന്‍ (57) എന്നിവരെയാണ് ജഡ്ജി കെ.പി സുധീര്‍ ശിക്ഷിച്ചത്.

ബലാത്സംഗ ശ്രമത്തിനു ഒന്നാം പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവ്, 3000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവുമാണ് ശിക്ഷ.  മൂന്ന്, നാല് പ്രതികള്‍ക്ക് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു  പോയതിനു ഏഴു വര്‍ഷം കഠിന തടവ്, 10000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, വ്യഭിചാരത്തിനു പ്രേരിപ്പിച്ചതിന് ഏഴു വര്‍ഷം കഠിന തടവ്, 10000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിനു ഏഴു വര്‍ഷം കഠിന തടവ്, 2000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ്, അനാശാസ്യത്തിനു  പ്രേരിപ്പിച്ചതിനു ഏഴു വര്‍ഷം കഠിന തടവ്, 2000 രൂപ വീതം പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ.

ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. കേസിലെ രണ്ടാം പ്രതി എടപ്പാള്‍ കാലടി അങ്ങാടിപ്പറമ്പില്‍ അനീസ് ബാബു എന്ന ബാബു (27),  അഞ്ചാം പ്രതി കോഴിക്കോട് കൊടുവള്ളി ഓമശേരി പനങ്ങാട് സാലിഹ്(31), ആറാം പ്രതി എടപ്പാള്‍ കാലടി ചോയിവളപ്പില്‍ സുബ്രഹ്മണ്യന്‍ (31), ഏഴാം പ്രതി തിരൂരങ്ങാടി മൂന്നിയൂര്‍ ചുഴലി ഇളംപറമ്പത്ത് സൈതലവി (57) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടു.

2009 ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.  മൂന്നാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ക്വാളിസ് കാറില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്നു എടപ്പാള്‍ കണ്ടനകത്ത് വച്ച് ബലാത്സംഗം ചെയ്തുവെന്നും പ്രതിഫലം വാങ്ങി പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ച വച്ചുവെന്നുമാണ് കേസ്.  35 സാക്ഷികളില്‍ 18 പേരെ കോടതി മുമ്പാകെ വിസ്തരിച്ചു.  17 രേഖകള്‍ ഹാജരാക്കി.  പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയ്‌സണ്‍ തോമസ് ഹാജരായി. രണ്ട്, അഞ്ച്, ഏഴ് പ്രതികള്‍ക്ക് വേണ്ടി അഡ്വ. കെ.ആര്‍ ഷൈന്‍, ആറാം പ്രതിക്ക് അഡ്വ. ആശ.എസ്.നായര്‍ എന്നിവര്‍ ഹാജരായി.

Related posts