പാലക്കാട്: പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയുടെ സംഘാടനത്തിൽ വൻ പിഴവുണ്ടായെന്ന് ആക്ഷേപം. വേണ്ടത്ര മുൻകരുതലുകളും സജ്ജീകരണങ്ങളുമില്ലാതെയാണ് പാലക്കാട് വേടന്റെ പരിപാടി നടത്തിയതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. രണ്ടായിരം പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനിയിലേക്ക് അതിലുമെത്രയോ ഇരട്ടി ആളുകൾ വേടന്റെ സംഗീതപരിപാടിക്കെത്തിയിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സംവിധാനങ്ങളും സജ്ജീകരണങ്ങളുമെല്ലാം അപ്പാടെ പാളിപ്പോകുന്ന തിരക്കായിരുന്നു ഇത്. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസിനു പോലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.തിരക്ക് നിയന്ത്രിക്കാനും തിരക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയാതെ വന്നതോടെ വേടന്റെ സംഗീത പരിപാടി ചുരുക്കുകയും ചെയ്തു. ആകെ മൂന്നു പാട്ടുമാത്രമാണ് വേടൻ വേദിയിൽ പാടിയത്.
ആ മൂന്നു പാട്ടിനും ജനക്കൂട്ടം ആവേശഭരിതരാവുകയും ചെയ്തു.ഇത്രയേറെ ആൾക്കൂട്ടം വേടന്റെ പരിപാടിക്ക് എത്തുമെന്ന് മുൻകൂട്ടി മനസിലാക്കി അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പറ്റിയ പാളിച്ചയാണ് പാലക്കാടുണ്ടായതെന്നാണ് പൊതുവെ വിലയിരുത്തൽ.സംസ്കാരിക വകുപ്പും പട്ടികജാതി പട്ടികവർഗ വികസന വകുപ്പും ചേർന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിൽ നിയന്ത്രണാതീതമാം വിധം ജനക്കൂട്ടമെത്തിയതോടെ സംഘാടകർക്കു പോലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയായി.
കാണികൾ തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പോലീസ് ലാത്തി വീശുകയുംതിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തിക്കും തിരക്കും കൂടിയതോടെ ബാരിക്കേഡുകൾ തകർന്നു.ഇന്നലെ ഉച്ചയോടെ തന്നെ കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. വേടൻ പരിപാടിക്ക് എത്താൻ വൈകുകയും ചെയ്തു. ആറു മണിക്ക് നിശ്ചയിച്ച പരിപാടിക്ക് എട്ടു മണിയോടെയാണ് വേടനെത്തിയത്.
ഒന്നിലധികം തവണ പരിപാടി നിർത്തിവച്ചു. നിരവധി തവണ പോലീസ് ലാത്തി വീശുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോയതോടെ കാണികളോട് വേടൻ തന്നെ നേരിട്ട് ശാന്തരാകണമെന്ന് അഭ്യർഥന നടത്തി.പ്രശ്നമുണ്ടാക്കരുതെന്നും വേദിക്കരികിൽ നിന്ന് മാറണമെന്നും വേടൻ ആളുകളോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.