കൊച്ചി: ശമ്പള കുടിശിക ബില്ലുകള്‍ ഇനി മുതല്‍ പേപ്പര്‍ ലെസ് ആകുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും കുടിശിക കണക്കുകള്‍ പഴയ മെയിന്‍ ബില്ലുകളുടെ ഹാര്‍ഡ് കോപ്പികളില്‍ രേഖപ്പെടുത്തണമെന്ന(അരിയര്‍ നോട്ടിംഗ്) ചില ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നടപടിക്കെതിരെ അധ്യാപക പ്രതിഷേധം ശക്തം.
എയ്ഡഡ് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം, കുടിശിക എന്നിവ ഉള്‍പ്പെടെ സ്പാര്‍ക്ക് സോഫ്റ്റ്വെയര് മുഖേന തയാറാക്കുന്ന എല്ലാവിധ ബില്ലുകളും കടലാസ് രഹിതമാക്കണമെന്ന് 2020 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ മുഖേന തയാറാക്കുന്ന ബില്ലുകള്‍ക്ക് ഹാര്‍ഡ് കോപ്പി സൂക്ഷിക്കേണ്ടതില്ലെന്ന് വീണ്ടും ഉത്തവിറക്കി. മേയില്‍ ഇതു സംബന്ധിച്ച് ട്രഷറി ഡയറക്ടറും സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി.
ബില്ലുകള്‍ ഇ സബ്മിറ്റ് ചെയ്യുന്നതിനൊപ്പം അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനമുണ്ട്. നിലവില്‍ ട്രഷറി, ഫിനാന്‍സ് വകുപ്പുകളില്‍ നടപ്പിലാക്കിയ സംവിധാനം ജൂലൈ മുതല്‍ മറ്റു വകുപ്പുകളിലേക്കും നിര്‍ബന്ധമാക്കും.എന്നാല്‍. ട്രഷറി ഡയറക്ടറുടെ ഉത്തരവിനു വിരുദ്ധമായി, വിദ്യാഭ്യാസ വകുപ്പിലെ ചില ജീവനക്കാരുടെ പിടിവാശിക്കെതിരേയാണ് ഇപ്പോള്‍ അധ്യാപകരുടെ പ്രതിഷേധം ശക്തമാകുന്നത്.
കുടിശിക കണക്കുകള്‍ പഴയ മെയിന്‍ ബില്ലുകളുടെ ഹാര്‍ഡ് കോപ്പികളില്‍ രേഖപ്പെടുത്തണമെന്ന്(അരിയര്‍ നോട്ടിംഗ്) ചില ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രധാനാധ്യാപകരെ നിര്‍ബന്ധിക്കുന്നതായും ഇതുമൂലം സര്‍വീസില്‍ നിന്നും വിരമിച്ചവരുടേത് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ വൈകുന്നതായും പരാതി ഉയരുകയാണ്.
ബില്ലുകള്‍ എഴുതി തയാറാക്കിയിരുന്ന കാലത്ത് അരിയര്‍ നോട്ടിംഗ് നടത്തി, പാസാക്കി നല്‍കേണ്ടത് വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരാണെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നിലവിലുണ്ട്. കടലാസ് രഹിത ബില്ലുകളിലേക്ക് സംവിധാനം മാറിയ സാഹചര്യത്തില്‍ കുടിശിക നോട്ടിംഗ് പൂര്‍ണമായി ഒഴിവാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് (കെപിപിഎച്ച്എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ പറഞ്ഞു.
സീമ മോഹന്‍ലാല്‍