ബംഗളൂരു: ബംഗളൂരുവിൽ ദുരിതം വിതച്ച് പെരുമഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലസ്ഥലത്തും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
നഗരത്തിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. ബിടിഎം ലേ ഔട്ടിലെ എൻഎസ് പാളയയിൽ ഒരു അപ്പാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകൻ ദിനേശ് (12), അവിടത്തെ താമസക്കാരൻ ആയ മൻമോഹൻ കാമത്ത് (63) എന്നിവരാണ് മരിച്ചത്.
അപ്പാർട്മെന്റിലെ താഴത്തെനിലയിൽ കയറിയ വെള്ളം അടിച്ചുകളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോഴായിരുന്നു അപകടം. മോട്ടോർ ഓണാക്കിയതിനു പിന്നാലെ മൻമോഹൻ കാമത്തിനും തൊട്ടരികെ നിന്ന കുട്ടിക്കും ഷോക്ക് ഏൽക്കുകയായിരുന്നു.
ഇതോടെ ബംഗളുരുവിൽ മഴക്കെടുതിയിൽ മരണം മൂന്നായി. ബംഗളുരുവിൽ ഇന്നും കനത്ത മഴ തുരുമെന്നാണ് കാലാവസ്ഥ പ്രവചനം. നിലവിലെ സ്ഥിതിയിൽ വിവിധ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.