തിരുവനന്തപുരം: സംസ്ഥാനത്തെ 62 സ്മാർട്ട് സിറ്റി റോഡുകളുടെ ക്രെഡിറ്റ് ആർക്കെന്നതിനെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത രൂക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേ തദ്ദേശസ്വയംഭരണ മന്ത്രി എംബി. രാജേഷാണ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചത്.
സ്മാർട്ട് റോഡ് നിർമാണത്തിൽ വലിയ തുക തദ്ദേശസ്വയംഭരണ വകുപ്പ് ചെലവഴിച്ചിട്ടും ഉദ്ഘാടനച്ചടങ്ങിലും പരസ്യങ്ങളിലും തദ്ദേശ വകുപ്പിനെ അവഗണിച്ചുവെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഹൈജാക്ക് ചെയ്തെന്നുമാണ് മന്ത്രി രാജേഷിന്റെ പരാതി.
കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയാറാക്കിയത്. മന്ത്രി രാജേഷിന്റെ പരാതിയെ തുടർന്നാണ് സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽനിന്നു മുഖ്യമന്ത്രി പങ്കെടുക്കാതെ പിൻമാറിയതെന്നാണു സൂചന.
റോഡ് ഉദ്ഘാടനത്തിന്റെ പത്ര പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ മാത്രമാണ് നൽകിയിരുന്നത്. ഇതിൽ മന്ത്രി എം.ബി. രാജേഷിന് അതൃപ്തി ഉണ്ടായിരുന്നു.തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട് സിറ്റി റോഡുകളടക്കം സംസ്ഥാനത്തെ 62 സ്മാർട്ട് സിറ്റി റോഡുകൾ നാടിനു സമർപ്പിക്കുന്ന ചടങ്ങാണ് കഴിഞ്ഞ 16ന് മാനവീയം വീഥിയിൽ നടന്നത്.
തിരുവനന്തപുരത്തെ സ്മാർട്ട് റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിനെതിരേ കടകംപള്ളി സുരേന്ദ്രൻ നേരത്തെ പരാതി പറഞ്ഞിരുന്നു. അതിനാൽ കടകംപള്ളിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.എക്സൈസ് കമ്മീഷണറെ മാറ്റി എഡിജിപി. എം.ആർ. അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറാക്കി നിയമിച്ച നടപടിയും എക്സൈസ് മന്ത്രി കൂടിയായ എം.ബി. രാജേഷിനെ അറിയിച്ചിരുന്നില്ല.
ഇതിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടർന്ന് നിയമനം റദ്ദാക്കിയിരുന്നു. മന്ത്രിസഭയിൽ മറ്റ് വകുപ്പുകളിലെ കാര്യങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ് ഇടപെടുന്നതിൽ പല മന്ത്രിമാർക്കും നീരസം ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.