നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തവര്ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. രണ്ബീര് കപൂര് ശ്രീരാമനായി എത്തുന്ന ചിത്രത്തില് സായി പല്ലവി സീതയായെത്തുന്നു. ഒപ്പം കെജിഎഫ് സ്റ്റാര് യാഷാണ് ചിത്രത്തില് രാവണന്റെ റോളില് എത്തുന്നത്.
ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം ചിത്രത്തിലെ പുതിയ കാസ്റ്റിംഗ് വിവരം പുറത്ത് എത്തിയിരിക്കുകയാണ്. നടി കാജല് അഗര്വാള് ചിത്രത്തില് അഭിനയിക്കുന്നു എന്നാണ് വിവരം. മണ്ഡോദരിയുടെ വേഷത്തിലാണ് കാജല് എത്തുന്നത്. രാമായണത്തില് രാവണന്റെ ഭാര്യയാണ് മണ്ഡോദരി. ചിത്രത്തില് കാജലിന്റെ ഭാഗങ്ങള് ചിത്രീകരിച്ചു തുടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നത്.
രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണതകളും പ്രാധാന്യവും പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മുൻനിര നടിയെ അവതരിപ്പിക്കേണ്ടത് നിർമാതാക്കൾക്ക് അനിവാര്യമായിരുന്നു. ഇങ്ങനെയാണ് കാജലില് എത്തിയത് എന്നാണ് ചിത്രവുമായി അടുത്ത ഒരു വൃത്തം പറഞ്ഞത്.
എല്ലാ ഭാഷകളിലും പരിചിതയായ ഒരു നടിയെയാണ് നിർമാതാക്കൾ അന്വേഷിച്ചത്. ബോളിവുഡിൽ നിന്നുള്ളവർ ഉൾപ്പെടെ നിരവധി നടിമാരെ പരിഗണിച്ചെങ്കിലും ദക്ഷിണേന്ത്യയില് പ്രശസ്തയായ കാജൽ അഗർവാളിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് അണിയറക്കാരിലൊരാൾ വ്യക്തമാക്കി.
നിതേഷ് തിവാരിയുടെ രാമായണത്തിൽ സീതയായി സായ് പല്ലവി, ശ്രീരാമനായി രൺബീർ കപൂർ, രാവണനായി യാഷ് എന്നിവരുൾപ്പെടെ വന്താര നിരയാണ് അണിനിരക്കുന്നത്. ചിത്രത്തിൽ സണ്ണി ഡിയോൾ, രവി ദുബെ, ലാറ ദത്ത എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിയിലും രണ്ടാം ഭാഗം 2027 ലും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.