ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ ഭർത്താവിന്റെ കുത്തേറ്റു യുവതി മരിച്ചു. രാമങ്കരി വേഴപ്ര അകത്തെപ്പറമ്പിൽ മതിമോൾ എന്നു വിളിക്കുന്ന വിദ്യയാണു (42) കൊല്ലപ്പെട്ടത്. കഴുത്തിലും വയറ്റിലും ആഴത്തിൽ കുത്തേറ്റു. ഭാര്യയോടു തോന്നിയ സംശയമാണു ഭർത്താവിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമികനിഗമനം. ഇവർക്കു പത്തിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.
ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജിൽ ബന്ധുവിനെ കാണാൻ പോയ വിദ്യയെ പലവട്ടം വിനോദ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഫോണിൽ ലഭിച്ചപ്പോൾ ഇരുവരും സംസാരിച്ചു. സംസാരശേഷം ഫോൺ കട്ട് ആക്കാതെ മറ്റാരോടോ വിദ്യ സംസാരിക്കുന്നതു കേട്ട വിനോദിനു സംശയമായി.
രാത്രി പത്തരയോടെ വീട്ടിൽ തിരിച്ചെത്തിയ വിദ്യയെ ആയുധവുമായി കാത്തുനിന്ന വിനോദ് മുറ്റത്ത് തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേറ്റ വിദ്യ പ്രാണരക്ഷാർഥം പുറത്തെ വഴിയിലേക്ക് ഓടി അവിടെ കുഴഞ്ഞു വീണു. ശബ്ദവും ബഹളവും കേട്ട് ഓടിവന്ന അയൽക്കാർ ആയുധങ്ങളുമായി നിൽക്കുന്ന വിനോദിനെ കണ്ട് അടുക്കാതെ രാമങ്കരി പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചു.
പോലീസ് എത്തിയാണ് വിദ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. രാമങ്കരിയിൽ ഹോട്ടൽ നടത്തുന്ന ഇരുവരും തമ്മിൽ കലഹമുണ്ടായിരുന്നതായി അറിയില്ലെന്നു നാട്ടുകാർ പറയുന്നു.