കോട്ടയം: മലങ്കര ഡാമിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തിയെന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി റോഷി അറസ്റ്റിന്. ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഡാമുകളില്‍ ആശങ്കകരമായ അളവില്‍ ജലനിരപ്പ് നിലവില്‍ ഉയര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭരണ ശേഷിയുടെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് മിക്ക ഡാമുകളിലും ജലനിരപ്പ്. പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ജലമാണ് നിലവിലെ മഴയെ തുടർന്ന് ഡാമുകളിലേക്ക് എത്തുന്നത്. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പും ഇറിഗേഷന്‍ വകുപ്പും സംയുക്തമായി സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും നിലവിലുള്ള സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു എന്നാണ് നേരത്തേ പുറത്ത് വന്ന റിപ്പോർട്ട്. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്നായിരുന്നു വിമർശനം.