ഭോപ്പാല്‍: മേഘാലയ ഹണിമൂൺ കൊലപാതകക്കേസിലെ സുപ്രധാന തെളിവ് കണ്ടെടുത്ത് പോലീസ്. നവവരന് രാജാ രഘുവന്‍ഷിയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധമാണു കണ്ടെത്തിയത്. കൊലപാത ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. രാജയെ കൊലപ്പെടുത്താനുള്ള വടിവാള്‍ വാങ്ങിയത് ഗോഹട്ടി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്നും പോലീസ് കണ്ടെത്തി.
മേയ് 11ന് വിവാഹിതരായ രാജയും സോനവും 20നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22ന് ഒരു സ്കൂട്ടര്‍ വാടകയ്ക്കെടുത്ത് പോയ ദമ്പതികള്‍ 25ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ ദമ്പതികളെപ്പറ്റി വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. പിന്നാലെ പോലീസ് നടത്തിയ തെരച്ചിലില്‍ ജൂണ്‍ രണ്ടിന് ഉള്‍വനത്തില്‍ രാജയുടെ മൃതദേഹം കണ്ടെത്തി.
കൊലപാതകം ആസൂത്രണം ചെയ്തത് സോനം ആണെന്നും സോനത്തിന്റെ വിവാഹേതര ബന്ധമാണ് കൊലയില്‍ കലാശിച്ചതെന്നും പിന്നീട് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രാജ്, വിശാല്‍, ആനന്ദ്, ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.