പോലീസ് മാമ്മന്‍മാരെ പരിചയപ്പെടാന്‍ കുരുന്നുകള്‍ സ്റ്റേഷനില്‍

tcr-kuttikalതൃശൂര്‍: കേരളപ്പിറവി ദിനത്തില്‍ പോലീസിനെകുറിച്ച് നേരിട്ടറിയാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ കുരുന്നുകള്‍ക്ക് അത്ഭുതം അടക്കാനായില്ല. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ കഴിക്കാത്തപ്പോള്‍ അമ്മമാര്‍ പോലീസുകാര്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് കഴിപ്പിക്കാറ്. അങ്ങനെ കുരുന്നു മനസുകളില്‍ പോലീസിനെ പേടിയുള്ള കുട്ടികളാണ് തൃശൂര്‍ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയവരില്‍ ഭൂരിഭാഗം പേരും. എല്‍കെജി, യുകെജി, ഒന്നാം ക്ലാസ് വിഭാഗത്തില്‍ പെട്ട അയ്യന്തോള്‍ അമൃത സ്കൂളിലെ വിദ്യാര്‍ഥികളാണ് കേരളപ്പിറവി ദിനത്തില്‍ പോലീസ് മാമ്മന്‍മാരെ കാണാനെത്തിയത്.

ഭയത്തോടെ പോലീസ് സ്‌റ്റേഷനിലേക്ക് കയറിയ കുരുന്നുകളെ വനിത പോലീസുകാരും പുരുഷ പോലീസുകാരും ചേര്‍ന്ന് സ്‌നേഹത്തോടെ സ്വീകരിച്ചപ്പോള്‍ തന്നെ പല കുരുന്നുകള്‍ക്കും പകുതി ജീവന്‍ തിരിച്ചു കിട്ടിയതുപോലെയായി. പിന്നീട് സ്‌നേഹം കൂടിയപ്പോള്‍ കാക്കിയെക്കുറിച്ചും കള്ളന്‍മാരെ കുറിച്ചുമൊക്കെ ചോദ്യങ്ങളുമായി ഉഷാറായപ്പോള്‍ സരസമായ ഉത്തരങ്ങള്‍ നല്‍കി പോലീസുകാരും കുട്ടികളെ കൈയിലെടുത്തു. കുട്ടികള്‍ക്ക് മധുരം കൊടുത്ത് കൂട്ടുകാരാക്കി മാറ്റിയതിനുശേഷം സ്‌റ്റേഷന്‍ ലോക്കപ്പുകളും സ്റ്റേഷന്‍ മുറികളും കാണിച്ചു കൊടുത്തു.

സിഐ വി.കെ.രാജു, എസ്‌ഐമാരായ പി.വി.സിന്ധു, ഷിഹാബുദ്ദീന്‍, ഔസേഫ്, എഎസ്‌ഐ ബിനന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പോലീസുകാര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്. അധ്യാപകരായ പി.വി.അനിത, രഹന, പ്രിയ, മിനി മോള്‍ എന്നിവരും കുട്ടികളോടൊപ്പമുണ്ടായിരുന്നു. തിരിച്ചിറങ്ങിയപ്പോള്‍ അധ്യാപകര്‍ക്കും സംശയം, ഇനി രക്ഷിതാക്കള്‍ ആരുടെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി കുട്ടികളെ ഭക്ഷണം കഴിപ്പിക്കും.

Related posts