ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചല്‍പ്രദേശില്‍ കനത്ത മഴയിൽ കഴിഞ്ഞ 32 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 11 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായ 34 പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നു ദുരന്തനിവാരണസേന ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളപ്പൊക്ക ബാധിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 370 പേരെ ദുരന്ത ബാധിത മേഖലകളില്‍നിന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വൻനാശമാണുണ്ടായത്. നിരവധി വീടുകൾ തകർന്നു. കൃഷിയിടങ്ങളും നശിച്ചു. നിരവധി വളർത്തുമൃഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി.
മാണ്ഡിയിലും കിന്നൗറിലും മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും രൂക്ഷമാണ്. മേഘവിസ്ഫോടനത്തില്‍ എട്ടിലേറെ വീടുകൾ തകർന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലസി മോഡലിലെ മേഘവിസ്ഫോടനത്തില്‍ ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. റെയില്‍ ചൗക്കില്‍ നിരവധി കാലികള്‍ ഒഴുകിപ്പോയി.
വെള്ളപ്പൊക്കത്തില്‍ മാണ്ഡിയിലെ ജലവൈദ്യുതനിലയത്തിനു കേടുപാടുകള്‍ സംഭവിച്ചു. ഹാമിര്‍പുരിലെ ബിയാസ് നദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ സമീപത്തു താമസിച്ചിരുന്നവരെ മാറ്റിപ്പാർപ്പിച്ചു. മണ്‍സൂണ്‍ ആരംഭിച്ചശേഷം വിവിധ അപകടങ്ങളിലായി 61 പേർ മരിച്ചതായാണ് റിപ്പോർട്ട്. 40 പേരെ കാണാതായിട്ടുണ്ട്.