വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്ക ചിലതരം ആയുധങ്ങൾ നല്കുന്നതു നിർത്തിവച്ചു. ആയുധങ്ങളുടെ എണ്ണത്തിൽ അമേരിക്ക കുറവു വരുത്തി. അമേരിക്കയുടെ ആയുധശേഖരം കുറയുന്നു എന്ന ആശങ്കയിലാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
പേട്രിയറ്റ് അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന മിസൈലുകൾ, പീരങ്കി ഷെല്ലുകൾ തുടങ്ങിയ ആയുധങ്ങൾ നല്കുന്നതാണു നിർത്തിവച്ചത്. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഈ ആയുധങ്ങൾ യുക്രെയ്നു നല്കാൻ തീരുമാനമെടുത്തത്.
വിദേശരാജ്യങ്ങൾക്കുള്ള സൈനികസഹായത്തിൽ പുനരവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് വൈറ്റ്ഹൗസ് വക്താവ് അന്നാ കെല്ലി വിശദീകരിച്ചത്. അമേരിക്കയുടെ ആയുധശേഖരം കുറഞ്ഞുവെന്നു സമ്മതിക്കാൻ വക്താവ് തയാറായില്ല. വേണമെങ്കിൽ ഇറാനോടു ചോദിച്ചു നോക്കാമെന്നാണു വക്താവ് കൂട്ടിച്ചേർത്തത്.
അതേസമയം, റഷ്യൻ സേന വ്യോമാക്രമണം ശക്തമാക്കിയിരിക്കേ അമേരിക്ക വ്യോമപ്രതിരോധ മിസൈലുകൾ നല്കാതിരിക്കുന്നതു യുക്രെയ്നു വലിയ പ്രതിസന്ധി സൃഷ്ടിക്കും. നൂറുകണക്കിനു ഡ്രോണുകളും മിസൈലുകളുമാണു ദിവസവും റഷ്യൻ സേന പ്രയോഗിക്കുന്നത്. അമേരിക്ക നല്കുന്ന ആയുധങ്ങൾ ഉപയോഗിച്ചാണ് യുക്രെയ്ൻ ഇവയെ വെടിവച്ചു വീഴ്ത്തുന്നത്.