വാഷിംഗ്ടൺ ഡിസി: ഷെയ്ഖ് ഹസീനയ്ക്കെതിരേ വധശിക്ഷ വിധിക്കാനാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ നീക്കമെന്ന് ഷെയ്ഖ് ഹസീനയുടെ മകനും ഉപദേശകനുമായ സജീബ് വാസദ് പറഞ്ഞു. “വിധി എന്തായിരിക്കുമെന്ന് ഞങ്ങൾക്കു കൃത്യമായി അറിയാം.
അവർ അത് മാധ്യമങ്ങളിലൂടെ അറിയിക്കാൻ തയാറെടുക്കുന്നു. അവർ ഷെയ്ഖ് ഹസീനയെ കുറ്റക്കാരിയാക്കാൻ പോകുന്നു. അവർക്ക് വധശിക്ഷ വിധിക്കാനും സാധ്യതയുണ്ട്.’ വാഷിംഗ്ടൺ ഡിസിയിൽ താമസിക്കുന്ന വാസെദ് പറഞ്ഞു. “അവർക്ക് എന്റെ അമ്മയെ ഒന്നും ചെയ്യാൻ കഴിയില്ല. എന്റെ അമ്മ ഇന്ത്യയിൽ സുരക്ഷിതയാണ്. ഇന്ത്യ അവർക്ക് പൂർണ സുരക്ഷ നൽകുന്നു.’ വാസെദ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജൂലൈ 15നും ഓഗസ്റ്റ് അഞ്ചിനുമിടയിൽ നടന്ന സർക്കാർ വിരുദ്ധ പ്രകടനങ്ങളിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 1,400 പേർ വരെ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നത്. 1971 ലെ സ്വാതന്ത്ര്യസമരത്തിനുശേഷം ബംഗ്ലാദേശിലുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ അക്രമമായിരുന്നു അത്. അതേസമയം, ഹസീന ഈ കണക്കുകൾ തള്ളിക്കളയുകയും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

