പാലക്കാട്: നിപ്പ ബാധിച്ച മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നതിനിടെ ഇവരുടെ ബന്ധുവായ കുട്ടിക്കു പനി ബാധിച്ചത് എല്ലാവരെയും ആശങ്കയിലാഴ്ത്തി.10 വയസുള്ള കുട്ടിക്കാണ് പനി ബാധിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധനയുടെ റിപ്പോർട്ട് വരുന്നതോടെ കൂടുതൽ നടപടികൾ സ്വീകരിക്കുക. കുട്ടിക്കുകൂടി പനി ബാധിച്ചതോടെ ഇവർ താമസിച്ചിരുന്ന മേഖലയിൽ നിയന്ത്രണം കർക്കശമാക്കി.ഇതിനിടെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരേ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകള ആണ് കണ്ടെത്തിയിരിക്കുന്നത്.
ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിയിൽ പറയുന്നു. സംഭവസ്ഥലം മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. തച്ചനാട്ടുകരയിലെ നാലു വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തും. നിപ രോഗലക്ഷണങ്ങൾ രണ്ടു മാസത്തിനിടെ ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. ഇന്നും നാളെയും 75 അംഗ സംഘം സർവേയാണ് നടത്തുക.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. 20 ദിവസംമുന്പാണ് ഇവർക്കു പനി തുടങ്ങിയത്. വീടിനുസമീപത്തെ ക്ലിനിക് അടക്കം മൂന്നിടങ്ങളിലാണ് ചികിത്സതേടിയത്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്.
രോഗിയുടെ സന്പർക്കപ്പട്ടികയിലെ നൂറിലധികംപേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. സമീപത്തുള്ളതെല്ലാം കുടുംബവീടുകളാണെന്നതിനാൽ സന്പർക്കപ്പട്ടിക നീളാനാണ് സാധ്യത.നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ തച്ചനാട്ടുകരയിലും കരിന്പുഴയിലുമായി ആറു വാർഡുകൾ കണ്ടെയ്ന്റ്മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. പ്രദേശത്തെ മൂന്നു സ്കൂളുകൾ താത്കാലികമായി അടച്ചു.
പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടാൻ നിർദേശംനൽകി. സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിൽ അവർ ക്വാറന്റൈനിൽ പോകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ കിഴക്കുംപുറം മേഖലയിലെ ഏഴ്, എട്ട്, ഒന്പത്,11 വാർഡുകളും കരിന്പുഴ പഞ്ചായത്തിലെ 17,18 വാർഡുകളും കണ്ടെയ്ന്റ്മെന്റ് സോണുകളാണ്.