കോഴിക്കോട്: നിപ ബാധിച്ചു മരിച്ച മലപ്പുറം മങ്കട സ്വദേശിനി പനി ബാധിച്ച് മൂന്നു ആശുപത്രികളില് ചികിത്സ തേടി. ആരോഗ്യവകുപ്പ് പുറത്തുവിട്ട വിശദമായ റൂട്ട് മാപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മക്കരപ്പറമ്പ് മിനി ക്ലിനിക്ക്, മലപ്പുറം സഹകരണ ആശുപത്രി,കോട്ടയ്ക്കല് മിംസ് ആശുപത്രി, കോഴിക്കോട് മെയ്ത്ര ആശുപത്രി എന്നിവിടങ്ങളിലാണ് ചികില്സ തേടിയിട്ടുള്ളത്.
ജൂണ് 23ന് വീട്ടില്വച്ച് പനിയും തലവേദനയും തുടങ്ങി. 24നും പനി തുടര്ന്നു. അവര് സ്വയം ചികില്സ നടത്തി. 25ന് ഉച്ചയ്ക്ക് 12ന് ഓട്ടോറിക്ഷയില് അമ്മയ്ക്കൊപ്പം മക്കരപറമ്പ് മിനി ക്ലിനിക്കില് എത്തി. ഉച്ചയ്ക്ക് 12.30ന് തിരിച്ച് ഓട്ടോറിക്ഷയില് വീട്ടിലേക്കുപോയി. 26ന് രാവിലെ ഒമ്പതിന് വീട്ടില്നിന്ന് ഓട്ടോറിക്ഷയില് വീണ്ടും മക്കരപറമ്പ് മിനി ക്ലിനിക്കില് എത്തി.
പതിനൊന്നു മണിക്ക് അവിടെ നിന്ന് ഓട്ടോറിക്ഷയില് മലപ്പുറം കോ-ഓപ്പറേറ്റീവ് ആശുപത്രിയിലേക്കു പോയി. വൈകിട്ട് മൂന്നരയ്ക്ക് അവിടെ നിന്ന് സ്വകാര്യ വാഹനത്തില് കോട്ടയ്ക്കല് മിംസ് ആശുപത്രിയിലേക്ക് പോയി. 3.55ന് മിംസ് ആശുപത്രിയില് എത്തി. 5.55ന് അവിടെ ഐസിസിയുവില് പ്രവേശിപ്പിച്ചു.27ന് രാത്രി 10.30ന് അവിടുത്തെ എംഐസിയുവിലേക്ക് മാറ്റി.
28ന് അവിടെ നിന്ന് മൊബൈല് ഐസിയുവില് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലില് എത്തിച്ചു. ജൂലൈ ഒന്നിനാണ് അവിടെവച്ച് മരണം സംഭവിച്ചത്. രണ്ടാം തീയതി രാത്രി ഒമ്പതിനു മക്കരപറമ്പ് ജുമാ മസ്ജിദില് സംസ്കാരം നടത്തി. മാപ്പില് പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില് ആ സമയത്ത് ഉണ്ടായിരുന്നവര് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവര് മലപ്പുറത്തെ 0483 2735010, 2735020 എന്നീ നമ്പറുകളില് വിളിക്കേണ്ടതാണ്.
മലപ്പുറത്ത് 211 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്ത്തകരാണ്. നിപ രോഗത്തിനു കാരണമായ വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന് പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര് പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്സിംഗ് ശക്തമാക്കാന് ആരോഗല് വകുപ്പ് നിര്ദേശം നല്കി. സമ്പര്ക്കപ്പട്ടികയില് പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം.
സുരക്ഷാ ഉപകരണങ്ങള് ഉള്പ്പെടെ ആശുപത്രികളില് ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്ത്തനങ്ങളും ശക്തമാക്കണം.രോഗം പിടിപെട്ട പ്രദേശത്തു നിന്ന് മൂന്നു ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള് ശേഖരിക്കും. ഇവിടങ്ങളില് നിശ്ചിത കാലയളവില് മസ്തിഷ്ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.
സ്റ്റേറ്റ് കണ്ട്രോള് റൂമും ജില്ലാ കണ്ട്രോള് റൂമുകളും സ്ഥാപിച്ചു. 26 കമ്മിറ്റികള് വീതം 3 ജില്ലകളില് രൂപീകരിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില് ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്. രണ്ട് ജില്ലകളില് കണ്ടൈന്മെന്റ് സോണുകള് കളക്ടര്മാര് പ്രഖ്യാപിച്ചു. കണ്ടൈന്മെന്റ് സോണുകളില് മാസ്ക് നിര്ബന്ധമാണ്.