ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തെത്തുടർന്നു ജൂൺ 13 മുതൽ അടച്ചിട്ടിരുന്ന വ്യോമാതിർത്തികൾ ഇറാൻ തുറന്നു. ടെഹ്റാനിലെ പ്രധാന വിമാനത്താവളങ്ങളായ മെഹ്രബാദ്, ഇമാം ഖൊമൈനി എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചെന്ന് ഇറാന്റെ ദേശീയവാർത്താ ഏജൻസി അറിയിച്ചു.
പുലർച്ചെ അഞ്ചിനും വൈകുന്നേരം ആറിനും ഇടയിൽ മാത്രമാണ് സർവീസ്. അതേസമയം, ഇസ്രയേൽ ആക്രമണത്തിൽ കേടുപറ്റിയ ഇസ്ഫഹാൻ, തബ്രീസ് വിമാനത്താവളങ്ങൾ തുറന്നിട്ടില്ലെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നമുറയ്ക്ക് ഇവ പ്രവർത്തനമാരംഭിക്കുമെന്നും വാർത്താ ഏജൻസി പറഞ്ഞു.12 ദിവസത്തെ സംഘർഷത്തിനുശേഷം ജൂൺ 24ന് ആണ് ഇസ്രയേലും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നത്.