നടൻ പ്രേം നസീറിനെക്കുറിച്ച് ടിനി ടോം പറഞ്ഞ പ്രസ്ഥാവനയോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി. അവസരങ്ങള്‍ കുറഞ്ഞതിന്റെ പേരില്‍ തന്റെ അവസാന കാലത്ത് പ്രേം നസീര്‍ വിഷമിച്ചാണ് മരിച്ചതെന്ന് ടിനി ടോം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ അതിനു പിന്നാലെ ധാരാളം വിമർശനങ്ങളാണ് അദ്ദേഹത്തിനു നേരെ ഉയർന്നത്. പ്രേം നസീര്‍ അഭിനയിച്ചിരുന്ന കാലത്ത് ടിനി സിനിമയില്‍ ഉണ്ടായിരുന്നില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കരുതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
‘ഞങ്ങള്‍ 85 വരെ മദ്രാസിലുണ്ടായിരുന്നവരാണ്, ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍, അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചവര്‍ക്ക് ഇക്കാര്യം വിഷമമുണ്ടാക്കുന്നതാണ്, പ്രത്യേകിച്ച് എനിക്ക്, എന്റെ പുസ്തകത്തില്‍ ഞാനത് എഴുതിയിട്ടുണ്ട്. മരിക്കുന്നതിന് കുറച്ച് മുമ്പ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. മോനേയും കൊണ്ടാണ് കാണാന്‍ ചെന്നത്. അന്നും വളരെ സന്തുഷ്ടനായിരുന്നു. അപ്പൂപ്പ എന്ന് എന്റെ മോന് വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെ അവനെ എടുത്തത് ഞാൻ ഇപ്പോഴും ഓര്‍ക്കുന്നു. ആ സമയവും അദ്ദേഹം ആസ്വദിക്കുന്നുണ്ടായിരുന്നു’.
‘അദ്ദേഹം അവസാനകാലത്ത് അവസരങ്ങള്‍ കുറഞ്ഞതിനാല്‍ കരഞ്ഞുവെന്ന് പറയുന്നത്, ആരോ ടിനി ടോമിനോട് പറഞ്ഞതാകാം. പക്ഷെ അങ്ങനെ പറയാന്‍ ഒരിക്കലും പാടില്ല. ചില ആളുകള്‍ ചിലരെക്കുറച്ച് യൂട്യൂബിലിരുന്ന് വളരെ ആധികാരികമായി പറയുന്നത് കേള്‍ക്കാം. ആ വ്യക്തി ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടാകും. അവരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. അവരൊക്കെ പണത്തിന് വേണ്ടിയാണ് യൂട്യൂബ് ചാനല്‍ ഉണ്ടാക്കി അങ്ങനെ പറയുന്നത് എന്നു വയ്ക്കാം. പക്ഷെ ടിനി ടോം ഒരു അഭിമുഖത്തില്‍, നടനായി ഇരുന്നാണ് സംസാരിക്കുന്നത്. യാതൊരു ആധികാരികതയുമില്ലാതെയാണ് സംസാരിക്കുന്നത്. ഞാന്‍ കേട്ടിട്ടുണ്ട് എന്നാണ് പറയുന്നത്,
കേട്ടതെല്ലാം പറയാന്‍ പാടില്ല. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണം. നസീര്‍ സാര്‍ അഭിനയിക്കുന്ന കാലത്ത് ടിനി സിനിമയില്‍ പോലും വന്നിട്ടില്ല. അത് കേട്ടപ്പോള്‍ വിഷമം തോന്നി. ഞങ്ങള്‍ കുറേ അധികം പേർ ഇപ്പോഴുമുണ്ട്, നസീര്‍ സാറിനൊപ്പം ജോലി ചെയ്യുകയും, ഒരുമിച്ച് ഭക്ഷണം കഴിക്കുകയും വീട്ടില്‍ പോയി സംസാരിക്കുകയും ചെയ്തവര്‍. ഇത് നെഗറ്റീവാണ്. അങ്ങനൊരാളല്ല നസീര്‍ സാര്‍’ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.