കോട്ടയം: ശബരി റെയില്‍വേ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അനിശ്ചിതമായി ഇഴയുന്നു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ 600 കോടി രൂപ നഷ്ടപരിഹാരം നല്കി റെയില്‍വേക്ക് സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ പണി നടക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ആകെ നാലായിരം കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ ഈ മാസംമുതല്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.
ഇതോടെ കാലടിമുതല്‍ പിഴകുവരെ അയ്യായിരം കുടുംബങ്ങളാണ് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചില്ല. പദ്ധതിക്ക് റെയില്‍വേ എത്ര രൂപ മുടക്കും എന്നതിലും വ്യക്തതയില്ല.
സംസ്ഥാന മുഖ്യമന്ത്രിയും റെയില്‍വേ മന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് ശബരി പദ്ധതി പുനര്ജീവിപ്പിക്കാന് തീരുമാനമായത്. സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. അങ്കമാലിയില്‍ നിന്നും എരുമേലി വരെ 111 കിലോമീറ്ററാണ് പാതയുടെ നീളം. പദ്ധതിയുടെ മൂന്നാം റീച്ചായ പിഴക് മുതല്‍ എരുമേലി വരെ സ്ഥലം അളന്നുതിരിച്ചിട്ടില്ല.
കാലടി, പെരുമ്പാവൂര്‍, ഒടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ വരിക. 1997-98 കേന്ദ്ര റെയില്‍വേ ബജറ്റിലാണ് പദ്ധതിക്ക് അനുമതിയായത്.
ഇതനുസരിച്ച് അങ്കമാലി മുതല്‍ കാലടി വരെ ഏഴു കിലോമീറ്റര്‍ റെയിലും പെരിയാറിനു കുറുകെ പാലവും കാലടിയില്‍ സ്റ്റേഷനും നിര്‍മിച്ചു. 303 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ട പദ്ധതിയില്‍ ഇതേവരെ 24 ഹെക്ടര്‍മാത്രമാണ് റെയില്‍വേ നഷ്ടം നല്കി ഏറ്റെടുത്തിരിക്കുന്നത്.