കോഴിക്കോട്: മയക്കുമരുന്ന് കടത്തു തടയുന്നതിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന ബസ് യാത്രക്കാരുടെ ബാഗേജുകള്‍ സമഗ്രമായി പരിശോധിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. മയക്കുമരുന്ന് സംഘവുമായി സഹകരിക്കുന്ന മയക്കുമരുന്ന് കടത്തുകാരെ പിടികൂടുന്നതിനായി പോലീസും എക്സൈസ് വകുപ്പുകളും അടുത്തിടെ രൂപീകരിച്ച പ്രത്യേക സ്ക്വാഡുകളാണ് പരിശോധന നടത്തുക. ആദ്യഘട്ടത്തില്‍ കോഴിക്കോടിനും ബംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് സംയുക്ത എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന നടത്തുക.
ബംഗളരുവില്‍നിന്ന് വന്‍തോതില്‍ എംഡിഎംഎ കോഴിക്കോട്ടേക്കും മലബാറിന്റെ വിവധ ഭാഗങ്ങളിലേക്കും എത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. അടുത്തകാലത്ത് കോഴിക്കോട്ട് പിടിയിലായ മയക്കുമരുന്നു കടത്തുകാര്‍ തങ്ങള്‍ക്കു എംഡിഎംഎ ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണെന്ന് പോലീസിനു മൊഴി നല്‍കിയിരുന്നു.
വിദേശപൗരന്മാരുടെ പങ്കും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനു പുറത്തു വിവിധ പ്രഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ വശീകരിച്ച് അവര്‍ക്കു വന്‍തുക കമ്മീഷന് നല്കി മയക്കുമരുന്ന് കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബംഗളൂരുവില്‍ തന്നെ ധാരാളം മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പരിശോധനകളില്‍നിന്ന് രക്ഷപ്പെടുന്നതിനു യാത്രക്കിടയില്‍ അപരിചിതര്‍ എത്തി മയക്കുമരുന്ന് കരിയര്‍മാര്‍ക്ക് അവ എത്തിച്ചുകൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
യാത്രക്കാരുടെ എല്ലാ ബാഗേജുകളും പരിശോധിക്കുന്നത് പോലീസിനു വെല്ലുവിളി നിറഞ്ഞതാണ്. ബംഗളൂരുവില്‍ നിന്ന് ധാരാളം കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യബസുകളും കോഴിക്കോട്ടേക്കു സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ എസി ബസുകളും ഉണ്ട്. കര്‍ണാടക സര്‍ക്കാറിന്റെ ബസുകളും ഉണ്ട്. രാത്രികാലത്താണ് ഇവയുടെയെല്ലാം സര്‍വീസ്.
എല്ലാ ബസുകളിലെയും യാത്രക്കാരുടെ ബഗേജ് തുറന്ന് പരിശോധിക്കുക ബുദ്ധിമുട്ടാണ്. അത്രയം സമയം ബസ് നിര്‍ത്തിയിടേണ്ടിവരും. മാത്രമല്ല പരിശോധന വേഗത്തില്‍ തീര്‍ക്കുന്നതിനു ധാരാളം സേനാംഗങ്ങളുടെ സേവനവും േവണ്ടിവരും. ചില അന്തര്‍ സംസ്ഥാന ബസുകളില്‍ അടുത്തിടെ നടത്തിയ പരിശോധനകള്‍ ഫലം കണ്ടതാണ് ഇത്തരമൊരു ബഗേജ് തുറന്ന് പരിശോധനയ്ക്ക് പോലീസിനെ പ്രേരിപ്പിച്ചത്. സ്ഥിരീകരിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുമെന്ന് സംയുക്തസംഘം പറയുന്നു.
വിവിധ ജില്ലാതല സ്ട്രൈക്കിംഗ് യൂണിറ്റുകളുടെയും ഹൈവേ പട്രോള്‍ സ്ക്വാഡുകളുടെയും പിന്തുണ തേടാനും സംയുക്തസംഘം ആലോചിക്കുന്നുണ്ട്. പരിശോധനാ സംഘത്തിനു പോര്‍ട്ടബിള്‍ ബാഗേജ് പരിശോധനാ സംവിധാനമില്ലെങ്കിലും മാന്വലായി പരിശോധന നടത്താനാണ് തത്കാലം ഉദ്ദേശിക്കുന്നത്. ആളില്ലാത്ത ബഗേജുകള്‍ കണ്ടെടുത്താല്‍ ബസ് ഓപ്പറേറ്റര്‍മാര്‍ക്കായിരിക്കും ഉത്തരവാദിത്തം. അന്തര്‍ സംസ്ഥാന ചരക്ക് വാഹനങ്ങളും സ്വകാര്യ ടാക്സി വാഹനങ്ങളും പരിശോധനയ്ക്കുവിധേയമാക്കുന്നതും പരിഗണനയിലുണ്ട്.
സ്വന്തം ലേഖകന്‍