ന്യൂഡൽഹി: ആണവനിലയങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾക്കു മറുപടിയായി ഖത്തറിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വാർത്താവിനിമയകേന്ദ്രം തകർന്നതായി റിപ്പോർട്ട്. ജൂൺ 23ന് ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിക്കുന്ന ജിയോഡെസിക് ഡോം ആണ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇറാൻ തകർത്തത്. അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട്. പ്രാദേശിക സൈനിക പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനമാണിത്.
2016ൽ ആണ് പതിനഞ്ച് ദശലക്ഷത്തോളം ഡോളർ ചെലവഴിച്ച് ജിയോഡെസിക് ഡോം സ്ഥാപിക്കുന്നത്. വലിയ നാശമല്ല സംഭവിച്ചതെങ്കിലും കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പെന്റഗൺ വക്താവ് ഷോൺ പാർനെൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വലിയ നാശനഷ്ടമില്ലെന്നും കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്കു തടസമുണ്ടായിട്ടില്ലെന്നും അൽ ഉദൈദ് പൂർണമായും പ്രവർത്തനക്ഷമമാണ്. പതിനാല് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടെന്നും പതിമൂന്നെണ്ണം തകർത്തതായും ഒരെണ്ണം പതിച്ചതായും പെന്റഗൺ വക്താവ് പറഞ്ഞു. ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ മൂന്ന് ഇറാനിയൻ ആണവകേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയതിനു മറുപടിയായാണ് ആക്രമണമുണ്ടായത്.