പത്തനംതിട്ട: എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ ഇകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദം. കുര്യനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി. ജോസഫും രംഗത്തെത്തിയതിനു പിന്നാലെ കുര്യനെതിരേ നവമാധ്യമ പോരിനു തുടക്കമിട്ടിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍.
മഹിളാ കോണ്‍ഗ്രസിലെ ചില നേതാക്കളും കുര്യനെതിരേ പോസ്റ്റുകളിട്ടു. ഇതിനിടെ ഇന്നു രാവിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ലഹരിക്കെതിരേ നടത്തിയ പ്രൗഡ് കേരള വാക്കത്തോണിലും കുര്യന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.എസ്എഫ്ഐയുടെ സംഘടനാ സംവിധാനത്തെയും സമരത്തെയും പുകഴ്ത്തി കുര്യന് കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ പ്രസംഗത്തിനു പിന്നില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തനിക്ക് പങ്കാളിത്തം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണെന്ന ആരോപണവും ഉയര്‍ന്നു.
കുര്യനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ പ്രതികരണങ്ങളുമായാണു രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞദിവസം ഡിസിസിയുടെ സമരസംഗമം പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് പി.ജെ. കുര്യന് യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയെ അപലപിച്ചത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കാണുന്നത് ടിവിയിലാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് പലരെയും ചൊടിപ്പിച്ചത്. തുടര്‍ന്ന് കുര്യന് നടത്തിയ പരാമര്‍ശങ്ങള്‍ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തനിക്കു മുഖ്യറോള്‍ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിരുവല്ലയില്‍ മത്സരിക്കാന്‍ വരെ അദ്ദേഹം സന്നദ്ധനായേക്കുമെന്ന പ്രചാരണത്തിനിടെയാണു പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിനെതിരേ ശക്തമായ പ്രചാരണം നടക്കുമ്പോഴും സിപിഎമ്മിന്റെ സംഘടനാസംവിധാനം അടിയുറച്ചതാണ്. ഓരോ മണ്ഡലത്തിലും 25 പ്രവര്‍ത്തകരെയെങ്കിലും സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ അഭിപ്രായം മാനിച്ചിരുന്നെങ്കില്‍ ജില്ലയില്‍ മൂന്ന് സീറ്റിലെങ്കിലും വിജയിക്കാമായിരുന്നെന്നും കുര്യന് പറഞ്ഞു. അടൂര്‍പ്രകാശ് അടക്കമുള്ള നേതാക്കള്‍ തന്റെ അഭിപ്രായം അവഗണിച്ചു. ഇത്തവണയും സ്ഥാനാര്‍ഥികളെ അടിച്ചേല്പിക്കാനാണ് ശ്രമമെങ്കില്‍ വലിയ പരാജയം കാത്തിരിക്കുകയാണെന്നും കുര്യന് മുന്നറിയിപ്പ് നല്കി.
വര്‍ഷങ്ങളായി ജില്ലയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തെ നിയന്ത്രിക്കുന്ന കുര്യനെതിരേ മുമ്പും പാര്‍ട്ടിയില്‍ പടയൊരുക്കം ഉണ്ടായിട്ടുണ്ട്. ഡിസിസി മുന്‍ പ്രസിഡന്റുമാരായ പീലിപ്പോസ് തോമസ്, ബാബു ജോര്‍ജ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ.നസജി ചാക്കോ എന്നിവര്‍ സിപിഎമ്മിലേക്കു പോയതു തന്നെ പി.ജെ. കുര്യന് ജില്ലയില്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തുവെന്ന് ആരോപിച്ചാണ്.
മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പിനു വന്‍ പ്രതികരണം
തിരുവനന്തപരും: യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ ഇന്നലെ പോലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്ക് പേജിലിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യന്റെ വിമര്‍ശനത്തിനു മറുപടിയുമായി എത്തി. കുര്യന്റെ പേരുപരാമര്ശിക്കാതെയായിരുന്നു രാഹുലിന്റെ പോസ്റ്റ് എങ്കിലും വന്‍ പ്രതികരണമാണ് ഇതിനുണ്ടായത്.
ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ പിന്നെയും ടിവി യില്‍ കാണിച്ചു. കരുതല്‍ തടങ്കലിലാക്കി പോലീസ്. കരുതല്‍ അല്ല കരുതല്‍ തടങ്കലാണ്. വീണാ ജോര്‍ജ് മണ്ഡലത്തില്‍ വരുന്നുണ്ടത്രേ. അപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ വേണമത്രേ. യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ഒന്‍പതര വര്‍ഷമായി തുടര്‍ച്ചയായി പിണറായി സര്‍ക്കാരിനെതിരേ തെരുവിലെ പോരാട്ടത്തിലാണ്.
കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവര്‍ കേള്‍ക്കട്ടെ എന്നാണ് രാഹുലിന്റെ പോസ്റ്റ്. ബഹുമാന്യനായ കുര്യന് സാര്‍ എന്നാണ് തങ്ങള്‍ വിളിച്ചിരുന്നതെന്നും ഇനി അങ്ങനെ വിളിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്റെ പോസ്റ്റും വന്നു. പോലീസിന്റെ ഒരു പിടിച്ചുതള്ളല്‍ പോലും കുര്യനു കിട്ടിയിട്ടില്ലെന്നും ജിതിന് പറഞ്ഞു.
പഴയ കേസുകള്‍ കുര്യന് ഓര്‍ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റു വന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ വരുന്നത് പീഡനക്കേസില്‍ പ്രതിയായിട്ടല്ലെന്ന് വനിതാ നേതാവ് തുടര്‍ന്നു.