ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയ്ക്കെത്തുകയും തുടർന്ന് മരണപ്പെടുകയും ചെയ്ത വീട്ടമ്മയുടെ സ്വർണവള മോഷണം പോയതായി പരാതി.
ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് കൊച്ചുവെളിയിൽ നിർമല(79)യുടെ ഒരു പവന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടതെന്ന് കാട്ടി മകൻ രംഗത്തുവന്നത്. കഴിഞ്ഞദിവസം രാത്രി ഹൃദയാഘാതത്തെത്തുടർന്ന് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നിർമലയെ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം ചേര്‍ത്തല നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മരണം സ്ഥിരീകരിച്ച് മൃതദേഹം വൃത്തിയാക്കാൻ ആഭരണം ഊരി ബന്ധുക്കളെ എൽപ്പിച്ചു. ഒരു വളയും രണ്ടു കമ്മലും മാത്രം നൽകിയപ്പോൾ രണ്ടാമത്തെ വള ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഒരു വള മാത്രമാണുണ്ടായിരുന്നതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
സംസ്കാരം കഴിഞ്ഞ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ നിർമലയുടെ കൈയിൽ രണ്ടു വളകള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് ഇവര്‍ ചേർത്തല പോലീസിൽ പരാതി നല്കി.