പാരിപ്പള്ളി : കിഴക്കനേല ഗവ. എല്‍പി സ്കൂളില്‍ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ 26 കുട്ടികളെ പാരിപ്പള്ളി ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസമായിരുന്നു സംഭവം. 26 ഓളം കുട്ടികള്‍ക്കാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷം അസ്വസ്ഥത ഉണ്ടായത്.
ചോറിനോടൊപ്പം കുട്ടികള്‍ക്ക് ചിക്കൻ കറിയും നല്‍കിയിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് സ്കൂള്‍അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
കുട്ടികൾക്ക് ഛർദിയും വയറു വേദനയുമനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലാണ് ഈ സ്കൂൾ. രണ്ട് ജില്ലകളിലെയും കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്.
മൂന്ന് കുട്ടികൾ ഒഴികെ മറ്റെല്ലാവരുടെയും അസുഖം ഭേദമായതായി സ്കൂൾ സ്റ്റാഫ് സെക്രട്ടറി പറയുന്നു. സ്കൂളിൽ നിന്ന് ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും രോഗബാധ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.