മോസ്കോ: കാണാതായ റഷ്യൻ യാത്രാവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 50 പേരും മരിച്ചതായി അന്താരാഷ്ട്ര മാധ്യമമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇന്നലെ റഷ്യ-ചൈന അതിർത്തിയിലുള്ള ഫാർ ഈസ്റ്റേൺ മേഖലയിലാണ് ലാൻഡിംഗ് ശ്രമത്തിനിടെ റഡാറിൽനിന്ന് അപ്രത്യക്ഷമായ വിമാനം തകർന്നുവീണത്.
അഞ്ചു കുട്ടികൾ ഉൾപ്പെടെ 42 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അന്പതു വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽപ്പെടുന്നത്.ബ്ലഗൊവെഷ്ചെൻസ്ക് പട്ടണത്തിൽനിന്ന് റഷ്യ-ചൈന അതിർത്തി പട്ടണമായ ടിൻഡയിലേക്കു സഞ്ചരിക്കുകയായിരുന്നു വിമാനം.
എയർ ട്രാഫിക് കൺട്രോളർമാർക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട് മിനിറ്റുകൾക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ കത്തുന്ന ഫ്യൂസ്ലേജിന്റെ ഭാഗങ്ങൾ കണ്ടെത്തി. അമുർ മേഖലയിലെ ടിൻഡ പട്ടണത്തിൽ മോശം ദൃശ്യതയിൽ ലാൻഡിംഗിനിടെ പൈലറ്റിനു സംഭവിച്ച പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടിൻഡ വിമാനത്താവളത്തിൽ രണ്ടാമത്തെ ലാൻഡിംഗ് ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലെ വിമാനമാണിത്. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈനിന്റെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. വിമാനം കത്തുന്നതിന്റെ ഹെലികോപ്റ്റർ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.